ന്യൂയോര്‍ക്ക്: സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ട നിലപാടില്‍ ആപ്പിള്‍ അയവുവരുത്തി. കമ്പനിയുടെ ഐഫോണില്‍ സുരക്ഷാവീഴ്ച്ചയില്ലെന്ന് വാദിച്ചിരുന്ന ആപ്പിള്‍ വീഴ്ച്ചയുണ്ടെന്ന് സമ്മതിക്കുകയും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് ആപ്പിളിന്റെ ഐ-പാഡിലും ഐഫോണിലും സുരക്ഷാ വീഴ്ച്ചയുണ്ടായത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ രണ്ട് ബ്രിട്ടിഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു വര്‍ഷം മുമ്പേ ആപ്പിള്‍ ഒരു പ്രത്യേക ഫയല്‍ ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഇവര്‍ ആരോപിച്ചത്.

3 ജി ഫോണിലും ഐ പാഡിലും എല്ലാം ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരം ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുള്ള സംവിധാനം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു ആരോപണം.