ലോസ്ഏഞ്ചല്‍സ്: ആപ്പിളും സാംസംഗും തമ്മിലുള്ള നിയമയുദ്ധം വര്‍ഷങ്ങളായി തുടരുകയാണല്ലോ. ഏകദേശം മുപ്പതോളം കേസുകള്‍ ഇരുവരും ഫയല്‍ ചെയ്തതായാണ് ഏകദേശ കണക്ക്. ഇരുപക്ഷവും അനുകൂലവും പ്രതികൂലവുമായ വിധി നേടുന്നത് അതുകൊണ്ട് തന്നെ പുതിയ സംഭവമൊന്നുമല്ല. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത സാംസംഗിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. സാംസംഗിന്റെ പുതിയ ഗാലക്‌സി ഫോണുകളുടെയും ടാബുകളുടെയും വില്പന നിരോധിക്കണമെന്ന ആപ്പിളിന്റെ ഹര്‍ജി യു.എസ്. കോടതി തള്ളിയിരിക്കുകയാണ്.

കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ 4ജി സ്മാര്‍ട്‌ഫോണും ഗ്യാലക്‌സി ടാബ് 10.1 ഉം തങ്ങളുടെ സോഫ്റ്റ്‌വെയറും ഡിസൈനുകളും കോപ്പിയടിച്ചുവെന്നാണ് ആപ്പിള്‍ ഹരജിയില്‍ ആരോപിച്ചിരുന്നത്. ഇത് പേറ്റന്റ് നിയമത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ ആപ്പിള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആപ്പിള്‍ കമ്പനിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി സൂചിപ്പിച്ചു. ഗ്യാലക്‌സി ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ആപ്പിള്‍ ഉത്പന്നങ്ങള്‍ പകര്‍ത്തിയാണെന്ന് പ്രത്യക്ഷത്തില്‍ കാണാനാകുന്നില്ലെന്നും സാംസംഗ് ഉത്പന്നങ്ങള്‍ ആപ്പിള്‍ ഐ ഫോണുകളുടെ വില്പനയെ ബാധിക്കുമെന്നത് ബാലിശമായ വാദമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

കോടതി വിധി തങ്ങളുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് സാംസംഗ് അധികൃതര്‍ പ്രതികരിച്ചു. ഗ്യാലക്‌സി സീരീസില്‍ പുതിയ ഫോണുകള്‍ ഇനിയും വിപണിയിലെത്തുമെന്നും സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ആപ്പിള്‍ അറിയിച്ചു.

iPhone 4S വില്‍പന നിര്‍ത്താന്‍ സാംസങ്ങ് കോടതിയിലേക്ക്

Malayalam News
Kerala News in English