ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ വരുമാനത്തില്‍ ഇടിവ്. 2012 ല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ആപ്പിളിന് സാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Ads By Google

ആപ്പിളിന്റെ കാര്യത്തില്‍ ഐഫോണ്‍ വില്‍പ്പന കാര്യമായി ഉയരാത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ ലാഭത്തില്‍ പോയ വര്‍ഷം പ്രതീക്ഷിച്ച വര്‍ധന രേഖപ്പെടുത്താതിരുന്നതെന്നാണ് വിലയിരുത്തല്‍.

5450 കോടി ഡോളര്‍ ആണ് പോയ വര്‍ഷത്തെ വരുമാനം. എന്നാല്‍, പ്രവചിക്കപ്പെട്ടിരുന്ന വരുമാനം 5490 കോടി ഡോളറായിരുന്നു.

2012 ല്‍ ആപ്പിളിന്റെ ലാഭം 1310 കോടി ഡോളര്‍ ആണ്. പോയ വര്‍ഷവും കമ്പനിയുടെ ലാഭം ഇതു തന്നെയായിരുന്നു.

പോയവര്‍ഷത്തെ അവസാനപാദത്തില്‍ 500 ലക്ഷം ഐഫോണുകള്‍ വില്‍ക്കാന്‍ കഴിയുമെന്നായിരുന്നു പ്രവചനം. എന്നാല്‍, വില്‍ക്കാന്‍ കഴിഞ്ഞത് 478 ലക്ഷം മാത്രം.

അതേസമയം ഐഫോണിന് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയ സാംസങിന്റെ ഗാലക്‌സി ഫോണുകളും മറ്റുമാണ് ആപ്പിളിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ ഗതിയില്‍ പ്രവചാനതീതമായ  വരുമാനം നേടി ആപ്പിള്‍ എല്ലാവരേയും ഞെട്ടിക്കാറായിരുന്നു പതിവ്. എന്നാല്‍ 2012 ല്‍ അത് സംഭവിച്ചില്ല.

ആപ്പിളിന്റെ മൊത്തം വരുമാനത്തില്‍ പോയ വര്‍ഷത്തെക്കാളും 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. പുതിയ ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് കൂടിയതാണ് ലാഭത്തില്‍ വര്‍ധനയുണ്ടാകാത്തതിന് കാരണം.