apple a day lookout noticeകൊച്ചി: ആപ്പിള്‍ എ ഡേ തട്ടിപ്പ് കേസ്സിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പദ്ധതി പൂര്‍ത്തിയാക്കാന്‍ എത്ര ചിലവ് വരുമെന്ന് പ്രതിഭാഗം അഭിഭാഷകനോട് ബുധനാഴ്ച കോടതി ചോദിച്ചിരുന്നു. നൂറ് കോടിരൂപകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.തുടര്‍ന്ന് ഉടമളോട് 100 കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്ന് ബുധനാഴ്ച കോടതി ചോദിച്ചിരുന്നു. ഇത് ഈടാക്കി കാണിച്ചാല്‍ ജാമ്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ എല്‍.ഐ.സിയില്‍ നിന്നും 20കോടി രൂപയും ഫെഡറല്‍ബാങ്കില്‍ നിന്നും 15കോടി രൂപയും പാസായിട്ടുണ്ടെന്നും ഇത് ലഭിച്ചാല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ 30കോടി രൂപകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്നത് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

തുടക്കം മുതലേ ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലാണ് ഉടമകള്‍ പ്രവര്‍ത്തിച്ചത്. രണ്ടായിരത്തോളം പരാതികളാണ് ഉടമകള്‍ക്കെതിരെ നിലവിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഫഌറ്റ് പോലും പണിത് നല്‍കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സൈജു കടവിലാന്‍, രാജീവ് കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേരളത്തില്‍ റിയല്‍ എസ്റ്റ് വ്യാപാരം വ്യാപകമായ കാലത്ത് വിദേശത്തുനിന്ന് കള്ളപ്പണം ഇവരുടെ പക്കലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.