ബാംഗ്ലൂര്‍: സ്റ്റീവ് ജോബ്‌സിന്റെ സുഹൃത്തും ആപ്പിളിന്റെ സഹ സ്ഥാപകനുമായ സ്റ്റീവ് വൊസ്‌നിയാക്ക് ഇന്ന് ബാംഗ്ലൂരില്‍. ഇന്നു നടക്കുന്ന യങ് പ്രസിഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്താനാണു വൊസ്‌നിയാക്ക് ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ എത്തുന്നത്.

രാജ്യാന്തര വേദികളില്‍ ഏറ്റവും മൂല്യമുള്ള പ്രഭാഷകരിലൊരാളായ വൊസ്‌നിയാക്ക് ഇന്ത്യയുടെ ഐ.ടി നഗരത്തില്‍ എത്തുമ്പോള്‍ ഐ.ടി കുതുകികള്‍ ആവേശത്തിലാണ്. ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തിനു പ്രതിഫലം ഒരു ലക്ഷം യു.എസ് ഡോളര്‍ ആണ്. (ഏകദേശം 50 ലക്ഷം രൂപ). 1976ലാണു സ്റ്റീവ് ജോബ്‌സിനൊപ്പം സ്റ്റീവ് വൊസ്‌നിയാക്ക് ആപ്പിളിനു തുടക്കമിട്ടത്. ആപ്പിള്‍-1, ആപ്പിള്‍-2 കംപ്യൂട്ടറുകള്‍ക്കു പിന്നിലെ പ്രധാനി വൊസ്‌നിയാക് ആയിരുന്നു. 100 മില്ല്യണ്‍ ഡോളറിന്റെ സമ്പത്ത് ഇദ്ദേഹത്തിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ന് നടക്കുന്ന പരിപാടി യങ് പ്രസിഡന്റ്‌സ് ഓര്‍ഗനൈസേഷനിലെ അംഗങ്ങള്‍ക്കു മാത്രമുള്ളതാണ്. മറ്റാര്‍ക്കും പ്രവേശനമില്ല. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമായി 250-ഓളം യുവാക്കളായ സി.ഇ.ഓമാര്‍ക്ക് വേണ്ടിയാണ് പരിപാടി. പ250 സി.ഇ.ഓ മാരില്‍ ഓരോരുത്തരും 65,000 രൂപ മുതല്‍ 78,000 രൂപവരെയാണ് പങ്കെടുക്കാന്‍ ഫീസായി അടച്ചിരിക്കുന്നത്.

വിവിധ സ്ഥാപനങ്ങളിലെ യുവ സി.ഇ.ഒമാരുടെ കൂട്ടായ്മയായ യങ് പ്രസിഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (വൈ.പി.ഓ) 1950ല്‍ ന്യൂയോര്‍ക്കിലാണു സ്ഥാപിതമായത്. 110 രാജ്യങ്ങളിലെ 19,000 ബിസിനസ് മേധാവികള്‍ അംഗങ്ങളാണ്.

Malayalam News
Kerala News in Kerala