ന്യൂയോര്‍ക്ക്: ആപ്പിളും ഗൂഗിളും തമ്മിലുള്ള കിടമല്‍സരം കൂടുതല്‍ ശക്തമാകുന്നതിനിടെ വിപണിയിലെ മൂല്യമേറിയ ബ്രാന്‍ഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങി. ഗൂഗിളിനെ പിന്തള്ളി ആപ്പിള്‍ ഏറ്റവും മൂല്യമേറിയ കമ്പനിയായെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

പരസ്യകമ്പനിയായ ഡബ്ല്യൂ.പി.പിയുടെ മില്‍വാര്‍ഡ് ബ്രൗണ്‍ നടത്തിയ റിപ്പോര്‍ട്ടുകള്‍പ്രകാരമാണ് ആപ്പിള്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതെത്തിയത്. നിലവില്‍ ആപ്പിളിന് 153 ബില്യണ്‍ ഡോളറിന്റെ വിപണിമൂല്യം ഉണ്ട്. ആപ്പിളിന്റെ ട്രേഡ് മാര്‍ക്കായ ഐ ഫോണും ഐ പാഡുമാണ് വിപണി പിടിച്ചടക്കുന്നതിന് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഏതാണ്ട് 859 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2006മുതലുള്ള കണക്കുപ്രകാരമാണിത്. ആപ്പിള്‍, ഗൂഗിള്‍, ഐ.ബി.എം, മൈക്രോസോഫ്റ്റ്, എ.ടി ആന്റ് ടി, ചൈന മൊബൈല്‍ എന്നിവയാണ് പട്ടികയിലെ ആദ്യ ആറുസ്ഥാനങ്ങളിലെത്തിയ കമ്പനികള്‍.