സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ പ്രശസ്ത മോഡലുകള്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സാംസങിനെതിരേ ആപ്പിള്‍ പരാതി നല്‍കി. പാക്കിംഗിലും ഡിസൈനിലും തങ്ങളുടെ മോഡലുകളെ അപ്പടി കോപ്പിയടിച്ചിരിക്കുകയാണ് സാംസങ്ങ് ചെയ്തതെന്ന് അമേരിക്കന്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ആപ്പിള്‍ വ്യക്തമാക്കുന്നു.

Subscribe Us:

സാംസങിന്റെ ഗ്യാലക്‌സി മോഡലുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ അതേ പകര്‍പ്പാണെന്നാണ് ആപ്പിള്‍ ആരോപിക്കുന്നത്. കൂടാതെ സാംസങ് മോഡലുകളുടെ രൂപകല്‍പ്പനയിലും പാക്കേജിംഗിലും ഈ കോപ്പിയടി വ്യക്തമാണെന്നും ആപ്പിള്‍ പറയുന്നു.

കോപ്പിയടിക്ക് ദക്ഷിണകൊറിയന്‍ കമ്പനിക്കെതിരേ നടപടിയെടുക്കണമെന്നും ഇനി ഇത്തരം തരികിടകള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്നും പരാതിയില്‍ ആപ്പിള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരെയും കോപ്പിയടിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് സാംസങ് വക്താവ് അഭിപ്രായപ്പെട്ടു. സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഡിസൈനുകളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.