തിരുവനന്തപുരം: തനിക്ക് വിനയായത് സാമ്പത്തിക മാന്ദ്യമാണെന്ന് ആപ്പിള്‍ എ ഡേ പ്രൊപ്പേര്‍ട്ടീസിന്റെ ഉടമകളിലൊരാളായ രാജീവ് ചെറുവാര. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മാധ്യമസ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ കൈയ്യില്‍ നിന്നും ഇന്നോവ കാര്‍ വാങ്ങി. ഇയാളുമായി തനിക്ക് സൗഹൃദത്തിനപ്പുറം യാതൊരു ബന്ധവുമില്ല. രാഷ്ട്രീയക്കാരുടേയോ പോലീസിന്റെയോ യാതൊരു പിന്‍ബലവും തനിക്കില്ല. കമ്മീഷണറുടെ ഓഫീസ് കേന്ദ്രമാക്കി തനിക്കെതിരെ പോലീസിന്റെ ഗുഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമവിധേയമായിട്ടായിരുന്നു തന്റെ പ്രവര്‍ത്തനമെന്നും തനിക്കെതിരെ മാത്രമല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് സംസ്ഥാനത്തെ പ്രമുഖ ബില്‍ഡര്‍മാര്‍ക്കെതിരെയും നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടെന്നും രാജീവ് പറഞ്ഞു.

തന്നെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് ഒരുനടപടിയുമെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയന്നാണ് ഒളിവില്‍ പോയതെന്നും ചില ഉപഭോക്താക്കള്‍ ആനാവശ്യ ഡിമാന്‍ഡുകള്‍ ഉന്നയിച്ച് കമ്പനിയെ ദ്രോഹിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം ഇതേ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.