കൊച്ചി: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയന്നാണ് ഒളിവില്‍ പോയതെന്ന് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമ രാജീവ് ചെറുവാര. ചില ഉപഭോക്താക്കള്‍ ആനാവശ്യ ഡിമാന്‍ഡുകള്‍ ഉന്നയിച്ച് കമ്പനിയെ ദ്രോഹിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ രാജീവ് ചെറുവാര പറഞ്ഞു.

ഉപഭോക്താക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് ഒരു മീറ്റിംങ് വിളിച്ചുകൂട്ടുകയും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി തീരുമാനിച്ചവിധം മുന്നോട്ടുപോകും. പദ്ധതിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ ഫണ്ട് തിരിച്ചുനല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ആരോ തനിക്കെതിരെ രാഷ്ട്രീയ സ്വാധീനം ചെലുത്തിയെന്നും ഉന്നതരുടെ പിന്തുണയില്ലാത്തതാണ് തനിക്ക് പ്രശ്‌നമായതെന്നും രാജീവ് ചെറുവാര പറഞ്ഞു. തന്റെ കമ്പനിയില്‍ കള്ളപ്പണ നിക്ഷേപമില്ല. സംശയമുണ്ടെങ്കില്‍ എല്ലാ രേഖകളും സര്‍ക്കാരിന് പരിശോധിക്കാം. മൂന്ന് പ്രോജക്ടില്‍ കൂടുതലുള്ള എറണാകുളത്തെ എല്ലാ ബില്‍ഡേഴ്‌സിനെതിരെയും അന്വേഷണം വേണമെന്നും ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും രാജീവ് പറഞ്ഞു.