ജെ.ജെ ഗുരുക്കള്‍
കാമ്പസ് പശ്ചാത്തലമായ ചിത്രങ്ങള്‍ക്ക് ഭൂമിമലയാളത്തില്‍ ഒരു പഞ്ഞവുമുണ്ടായിട്ടില്ല. തീയറ്ററുകളിലെത്തിയ സിബിമലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമ കാമ്പസ് സിനിമകളുടെ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നൊരു സിനിമയാണ്.

സിബി മലയിലിന്റെ മികച്ച സിനിമകളില്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും കഥഗതിയിലെ വഴിത്തിരിവുകള്‍ ചടുലമായ കഥനരീതിയുംകൊണ്ട് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ചിലപ്പോഴൊക്കെ സിനിമ വല്ലാതെ ഇഴയുന്നുണ്ടെങ്കിലും സംവിധാനത്തിലെ കൈയക്കംകൊണ്ട് സിബിമലയില്‍ സിനിമയെ ട്രാക്കിലെത്തിക്കുന്നു.

ഒരു കാമ്പസ് സുഹൃത്ത് സംഘത്തിലെ പ്രണയകഥയും അതില്‍നടക്കുന്ന ക്രൂരമായ വിശ്വാസവഞ്ചനയുമാണ് ചിത്രത്തിലെ പ്രമേയം. പണത്തിനുവേണ്ടി പുതിയ തലമുറ ഏതറ്റംവരെയും പോകും എന്ന വിശ്വാസത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. പണത്തിനുവേണ്ടി കാശുള്ള വീട്ടിലെ പെണ്‍കുട്ടികളെ പ്രണയിക്കുകയും ആ ബന്ധത്തില്‍നിന്നും മാറാന്‍ അവരുടെ വീട്ടില്‍നിന്നും ഒരു വന്‍തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘമാണ് നിഷാനും ആസിഫലിയും വിനയും.

പ്രത്യേകിച്ച് ഊരുംപേരുമൊന്നുമില്ലാത്തി ഇവര്‍ ഓരോ സ്ഥലത്തും ഓരോ പേരാണ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഇവര്‍ വലയിലാക്കിയ നാന്‍സി(നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയോട് തനിക്കുതോന്നിയ പ്രണയം യഥാര്‍ഥമാണെന്ന് സംഘത്തിലെ ഒരംഗം തിരിച്ചറിയുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആസിഫലിയും നിഷാനും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്നുണ്ട്. പുതുമുഖം വിനയ് മലയാള സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്. വളരെ നായികാപ്രധാന്യമുള്ള ഈ സിനിമയില്‍ കുറച്ചുകൂടി അഭിനയിക്കാനറിയാവുന്ന ഒരു നായികയെ പരിഗണിക്കാമായിരുന്നുവെന്ന് നിത്യാമേനോന്റെ പ്രകടനം കണ്ടപ്പോള്‍ തോന്നിപ്പോയി.
സേതുവെന്ന കഥാപാത്രമായെത്തിയ സന്തോഷ് ജോഗി ഒന്നാന്തരം പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്.

കഥയിലെ പുതുമതന്നെയാണ് അപൂര്‍വരാഗത്തിന്റെ പ്ലസ് പോയിന്റ്. അധികം പുതുമകളൊന്നുമില്ലെങ്കിലും സിനിമ സംവിധായകന്റെ കൈയില്‍ ഭദ്രമാണ്. നിരവധി വഴിത്തിരിവുകള്‍ നിറഞ്ഞ കഥ വളരെ ശ്രദ്ധാപൂര്‍വാണ് തിരക്കഥാകൃത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ സബ്ജ്ക്റ്റാണെങ്കിലും അവതരണത്തിലെ പുതുമയില്ലായ്മ അപൂര്‍വരാഗത്തില്‍ പലയിടത്തും മുഴച്ചുനില്‍ക്കുന്നുണ്ട്. പുതിയ നടന്മാരും തിരക്കഥാകൃത്തുക്കളും സിബി മലയിലിന്റെ സംവിധാക മികവും എല്ലാം അപൂര്‍വരാഗത്തെ ഒന്നു കണ്ടിരിക്കേണ്ട നല്ല സിനിമയാക്കുന്നു.