ചെന്നൈ: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തെ തിരക്ക് പിടിച്ച് പിന്തുണച്ചതിന് മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍ഹാസന്‍. തമിഴ്മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞതെന്ന് ന്യൂസ്മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.

‘ദ ബിഗ് അപ്പോളജി’ എന്ന തലക്കെട്ടിലാണ് മാഗസിനില്‍ കമല്‍ഹാസന്റെ ലേഖനം. മാപ്പ് പറയാന്‍ ഭയമുള്ള ആളല്ല താനെന്നും കള്ളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് കേന്ദ്രത്തെ പിന്തുണച്ചതെന്നും കമല്‍ ഹാസന്‍ പറയുന്നു. ഇത്‌കൊണ്ടാണ് നോട്ടുനിരോധന സമയത്തുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കരുതിയതെന്നും കമല്‍ഹാസന്‍ പറയുന്നു.

Subscribe Us:

ഇക്കണോമിക്‌സ് അറിയുന്നവരും എന്റെ മറ്റുസഖാക്കളും നോട്ടുനിരോധനത്തെ പിന്തുണച്ച എന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധനത്തിന്റെ ഉദ്ദ്യേശം നല്ലതായിരുന്നുവെന്ന് കരുതിയിരുന്നെങ്കിലും പ്രായോഗികത സംബന്ധിച്ച് സംശയമുണ്ടായതായും കമല്‍ഹാസന്‍ പറയുന്നു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതാണ് ഒരു നല്ലനേതാവിന്റെ ലക്ഷണമെന്നും മോദി അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു സല്യൂട്ട് കൂടി മോദിക്ക് നല്‍കുമെന്നും കമല്‍ഹാസന്‍ പറയുന്നു. ഗാന്ധിജി അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഈ കാലഘട്ടത്തിലുംഅത് സാധ്യമാണെന്നും കമല്‍ഹാസന്‍ പറയുന്നു.

നോട്ട്‌നിരോധനത്തെ പിന്തുണച്ച സെലിബ്രിറ്റികളിലൊരാളായിരുന്നു കമല്‍ഹാസന്‍. മോദിക്ക് സല്യൂട്ട് അര്‍പ്പിച്ചായിരുന്നു കമല്‍ പിന്തുണയറിയിച്ചിരുന്നത്.