ചെന്നൈ: ആസ്ഥാനമായുള്ള ആരോഗ്യ രംഗത്ത് ഏറെ പ്രസിദ്ധരായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍െ്രെപസസ് ലിമിറ്റഡ് വികസനം ലക്ഷ്യമാക്കി വന്‍ മുതല്‍ മുടക്ക് നടത്താന്‍ തയ്യാറെടുക്കുന്നു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ യോഗത്തിന് ശേഷം ഹോസ്പിറ്റല്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പ്രതാപ്. സി. റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാപനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി 3,000 ബെഡ്ഡുകള്‍ കൂടി ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 1,600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇതിനായി പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. അതേസമയം ആയുര്‍വേദരംഗത്തേക്ക് കൂടി കടക്കാനുള്ള ലക്ഷ്യത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി നടത്തിവന്ന ചര്‍ച്ചകള്‍ പരാജയമായി. പേറ്റന്റിലും മറ്റുമുള്ള തര്‍ക്കങ്ങളാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായത്.

നിലവില്‍ ഗ്രൂപ്പിന് രാജ്യത്തൊട്ടാകെയുള്ള വിവിധ സ്ഥലങ്ങളിലെ 54 ആശുപത്രികളിലായി 8,700 ഓളം കിടക്കകളുണ്ട്. പത്ത് ആശുപത്രികളിലായി 2013-14 കാലത്തിനുള്ളില്‍ 3,000 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്താനാണ് കമ്പനി ശ്രമി്ക്കുന്നത്. ഇതില്‍ മുംബൈ,നാസിക്, തിരിച്ചി തുടങ്ങി ആറ് സ്ഥലങ്ങള്‍ ഇതിനകം തീരുമാനിച്ച് കഴിഞ്ഞു. വികസനത്തോടൊപ്പം സാങ്കേതിക രംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അപ്പോളോ ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇതിന് മുന്നോടിയായി ശസ്ത്രക്രിയക്കും മറ്റുമായി നാല് റോബോട്ടുകളെ യു.എസ് കമ്പനിയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.