congressന്യൂഡല്‍­ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാ­യി എ പി അബ്ദുള്ള­ക്കുട്ടി (കണ്ണൂര്‍), എ എ ഷുക്കൂര്‍ (ആലപ്പുഴ), ഡൊമിനിക് പ്രസന്റേഷന്‍ (എറണാകുളം) എന്നിവര്‍ മത്സ­രി­ക്കും. കെ പി സി സി കൈമാറിയ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇന്ന് വൈകുന്നേരം ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികക്ക് അംഗീകാരം നല്‍കിയത്.

ആലപ്പുഴയില്‍ മത്സരിക്കുന്ന ഡി സി സി പ്രസി­ഡന്റായ ഷുക്കൂ­റിന് ( 52 ) നിയമസഭയിലേക്ക് ഇത് കന്നിയങ്കമാ­ണ്. നഗരസഭ പ്രതിപക്ഷ നേതാവായ ഷു­ക്കൂര്‍ 22 വര്‍ഷം തുടര്‍ച്ചയായി കൗണ്‍സിലറായിരുന്നു. നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ കെ പി സി സി നിര്‍വാഹക സമിതിയംഗമായി.

ഡൊമിനിക് പ്രസ­ന്റേഷന്‍ (60) 1991 മുതല്‍ 2006 വരെ പള്ളുരുത്തി എം എല്‍ എയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിടെ സി പി ഐ എമ്മിലെ സി.എം ദിനേശ്മണിയോട് പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഫിഷറീസ്, സ്‌പോര്‍ട്‌സ് മന്ത്രിയായിരു­ന്നു. ആദ്യമായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. കെ എസ് യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഡൊമിനിക് പ്രസ­ന്റേഷന്‍ കെ എസ് യു ജില്ലാ പ്രസിഡന്റ്, എറണാകുളം ഡി സി സി സെക്രട്ടറി, കോര്‍പറേഷന്‍ കൗണ്‍­സിലര്‍, പ്രതിപക്ഷനേതാവ് എന്നീ പദവികളിലും പ്രവര്‍ത്തി­ച്ചു. ഭാര്യ: ഡോ. മേരി എബ്ര­ഹാം (എറണാകുളം ലക്ഷ്മി ആശുപത്രി) മകള്‍: അമൃത ഡൊമിനിക് (വിദ്യാര്‍ഥി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീ­യ­റിങ് )

നിയമസഭയിലേക്ക് കന്നി­മ­ത്സ­ര­ത്തി­ന് ഇ­റ­ങ്ങുന്ന അബ്ദുള്ളക്കുട്ടി (42) എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1999 ലും 2004 ലിലും കണ്ണൂരില്‍ നിന്ന് സി പി ഐ എം സ്ഥാനാര്‍ഥിയായി വിജയി­ച്ചു എം പിയായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോ­ഡി­യെ അ­നു­കൂ­ലി­ച്ച് സം­സാ­രി­ച്ചെ­തിന്റെ പേ­രില്‍ ഈ വര്‍ഷം ഏപ്രില്‍ 28 ന് സി പി ഐ എമ്മില്‍ നിന്ന് പു­റ­ത്തായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തം­ഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹി­ച്ചു.