തിരുവനന്തപുരം: ദേശീയപാതാ വികസനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റ പ്രസ്താവന അദ്ദേഹത്തിന്റെ മുരടന്‍ മാനസികാവസ്ഥ മൂലമാണെന്ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍എ. സുധീരന്റേത് തീവ്രഇടതുപക്ഷ നിലപാടാണ്. അച്യുതാനന്ദനെപ്പോലുള്ള തീവ്ര ഇടതുപക്ഷക്കാര്‍ പോലും ഉപേക്ഷിച്ച മുരടന്‍ വികസന നിലപാടാണ് സുധീരന്‍ സ്വീകരിക്കുന്നത്.

സുധീരന്റെ പ്രസ്താവന ദേശീയപാതാ വികസനം പ്രതിസന്ധിയിലാക്കും. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വികസനത്തിന് ബി.ഒ.ടി ആവശ്യമാണെന്നും
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേ എ.പി.അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. നേരത്തെ സുധീരന്‍ പ്രസംഗിക്കുന്ന സമയത്ത് അബ്ദുള്ളക്കുട്ടി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ദേശീയപാതാ വികസന പദ്ധതി നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ ടു.ജി സ്‌പെക്ട്രം അഴിമതിക്കാള്‍ വലിയ അഴിമതിയായി മാറുമെന്നായിരുന്നു വി.എം. സുധീരന്റെ പ്രസ്താവന. ബി.ഒ.ടിയുടെ പേരില്‍ ജനങ്ങളെ കൊള്ള ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

ബി.ഒ.ടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരുന്നില്ല.ഇത് സാധാരണക്കാരായ ജനങ്ങളെ കുടിയൊഴിപ്പക്കാന്‍ വേണ്ടിയുള്ളതാണ്. കോടികള്‍ മുടക്കിയ വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമായിട്ടും പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ ഇപ്പോഴും ജീവിതത്തിന് പുറത്താണെന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തി.