തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. പലകാരണങ്ങളാല്‍ അസംതൃപ്തരായ നിരവധി പേര്‍ സര്‍ക്കാറിനുള്ളില്‍ തന്നെയുണ്ട്. സര്‍ക്കാറിനെ താഴെയിറക്കാന്‍ ഇവര്‍ ജനങ്ങള്‍ക്കൊപ്പം ചേരുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Ads By Google

എല്ലാ മേഖലയിലും വിലക്കയറ്റമാണ്. മന്ത്രിമാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു സര്‍ക്കാരായി തുടരാന്‍ യു.ഡി.എഫിനാവുന്നില്ല. എന്നാല്‍ അവിഹിതമാര്‍ഗത്തിലൂടെ സര്‍ക്കാറിനെ താഴെയിടാന്‍ ശ്രമിക്കില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പി.ജെ കുര്യനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ശ്രമിക്കുകയാണെന്നും പി.ജെ കുര്യന്‍ രാജിവെയ്ക്കുകയാണ് വേണ്ട്‌തെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ 17 വര്‍ഷത്തിന് ശേഷവും ഇര മൊഴിയില്‍ ഉറച്ച്  നിന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാറും യു.ഡി.എഫ് നേതാക്കളും കേസില്‍ ആരോപണ വിധേയനായ പി.ജെ കുര്യനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കെ.സുധാകരന്‍ എം.പി പെണ്‍കുട്ടയെ ആക്ഷേപിച്ചത് ശരിയായില്ല.

പെണ്‍കുട്ടിയെ കുറിച്ച് ജസ്റ്റിസ് ആര്‍.ബസന്തിന്റെ പ്രസ്ഥാവന തരംതാണതാണെന്നും  അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് കൊണ്ട് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലക്ക് തീറെഴുതികൊടുക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാറിന്റെ തെറ്റായ പ്രവണത തിരുത്താന്‍ ബഹുജന പ്രക്ഷോഭം എല്‍.ഡി.എഫ് ആരംഭിക്കും. ഈ വരുന്ന 25 ന് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തും. ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടും.

എല്ലാ മേഖലയിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഗുണ്ടാസംഘത്തിന് മുന്നില്‍ പോലീസിന് മുട്ടുവിറക്കുന്നു.

സര്‍ക്കാരിനെ താഴെയിറക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന ആവശ്യം സി.പി.ഐ എല്‍.ഡി.എഫ് നേതൃയോഗത്തില്‍ മുന്നോട്ട് വെച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ മാര്‍ഗങ്ങളും ആരായാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് പുറമെ മറ്റ് വഴികള്‍ തേടാനും യോഗത്തില്‍ തീരുമാനമായിരുന്നു.

നേരിയ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇനി ഈ രീതിയില്‍ വിട്ടാല്‍ പറ്റില്ലെന്നും യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിനെ മാറ്റാന്‍ എല്ലാ മാര്‍ഗങ്ങളും ആരായണമെന്ന പൊതുനിര്‍ദേശത്തോട് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും യോജിച്ചു. ഏറ്റവും അനുകൂലമായി സമയത്ത് വേണ്ടത് ആലോചിച്ച് തീരുമാനിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്.