എഡിറ്റര്‍
എഡിറ്റര്‍
‘തെറ്റുകാരനല്ലെന്ന് ആലുവ തേവരെ വിളിച്ച് ദിലീപ് സത്യം ചെയ്തു’; താനിന്നും ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമെന്ന് അന്‍വര്‍ സാദത്ത്
എഡിറ്റര്‍
Friday 14th July 2017 4:35pm


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്. ദിലീപുമായി തനിക്ക് യാതൊരു റിയല്‍ എസ്റ്റേറ്റ് ബന്ധവുമില്ലെന്നും അന്‍വര്‍ സാദത്ത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

താന്‍ തെറ്റുകാരനല്ലെന്ന് ആലുവ തേവരുടെ പേരില്‍ ദിലീപ് സത്യം ചെയ്‌തെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നും പറഞ്ഞതായും എം.എല്‍.എ പറഞ്ഞു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും അന്‍വര്‍ സാദത്തും നിരവധി തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ വര്‍ഷങ്ങളായി ദിലീപിന്റെ സുഹൃത്താണെന്നും നിരന്തരമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Also Read:  മോദിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; എ.ഐ.ബിക്ക് അഞ്ച് ലക്ഷം രൂപ പിഴ


ദിലീപ് പ്രതിയായിട്ടില്ലെന്നും ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താനെന്നും ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

നാളെ ഉച്ചയ്ക്ക് വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇപ്പോള്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുകയാണ്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.

Advertisement