സന്‍ആ: അല്‍ ഖ്വയ്ദയുടെ ഉപദേഷ്ടാവും സംഘടനയുടെ പ്രേരക ശക്തിയുമായി പ്രവര്‍ത്തിച്ച അന്‍വര്‍ അല്‍ ഔലാക്കിയെ യെമനില്‍ വധിച്ചു. അമേരിക്കന്‍ യുദ്ധവിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഔലാക്കിയും ഏതാനും അനുയായികളും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യെമനില്‍ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് പുരോഹിതന്‍ കൊല്ലപ്പെട്ടതെന്ന് ഗോത്ര വര്‍ഗ നേതാക്കള്‍ അറിയിച്ചു. മുന്‍പ് യെമനിലെ ഷബ്‌വ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ഔലാക്കി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 2009 ഡിസംബറിലും 2010 നവംബറിലും ഔലാക്കി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അറബ് മേഖലയിലെ മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവായ ഔലാക്കി കൊല്ലപ്പെട്ടത് ഭീകരവിരുദ്ധ യുദ്ധത്തില്‍ ഉസാമാ വധത്തിനുശേഷം അമേരിക്ക കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഉസാമ ബിന്‍ലാദിന്‍ വധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഇയാള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇംഗ്ലീഷിലും അറബിയിലും ഒരേപോലെ പ്രഭാഷണങ്ങള്‍ നടത്തിവരുന്ന ഔലാക്കി വെബ്‌സൈറ്റുകള്‍ വഴി തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു. അല്‍ ഖ്വയ്്ദയുടെ ആചാര്യനായി കണക്കാക്കുന്ന ഔലാക്കിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി അമേരിക്കയിലും ബ്രിട്ടനിലും നിരവധി യുവാക്കള്‍ ഭീകരതയുടെ വഴിയിലെത്തിയിട്ടുണ്ട്.

അന്‍വര്‍ അല്‍ ഔലാക്കിയുടെ മരണം അല്‍ ഖ്വയ്ദയ്ക്ക് കനത്ത തിരിച്ചടിയാണെന്നു യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വാഷിംഗ്ടണില്‍ പറഞ്ഞു. അമേരിക്കയില്‍ ജനിച്ച് യെമനിലേക്കു പലായനം ചെയ്ത ഔലാക്കിയെ വധിക്കാന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ നേരിട്ട് ഉത്തരവിട്ടിരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ട ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഔലാക്കിയെ ഉള്‍പ്പെടുത്തിയിരുന്നു.