മുംബൈ: ബോളിവുഡ് ഏറെയാഘോഷിച്ച രണ്‍വീര്‍ സിങ്- അനുഷ്‌ക ശര്‍മ പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട്. തുറന്ന് സമ്മതിച്ചിരുന്നില്ലെങ്കിലും മൂന്ന് വര്‍ഷമായി നീണ്ട ഇവരുടെ പ്രണയം ബോളിവുഡില്‍ പാട്ടായിരുന്നു. ഇരുവരും അകലാനുണ്ടായ കാരണം വ്യക്തമല്ല.

Ads By Google

ബാന്റ് ബജാ ബാരാത് എന്ന ചിത്രത്തിനുശേഷമാണ് ഇവരുടെ പ്രണയകഥ ബോളിവുഡില്‍ പരക്കാന്‍ തുടങ്ങിയത്. അതിനുശേഷം നിരവധിയിടങ്ങളില്‍ ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ബോളിവുഡിലെ പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. ഇടയ്ക്ക് രണ്‍വീര്‍ സൊണാക്ഷി സിന്‍ഹയുമായി അടുക്കാന്‍ തുടങ്ങിയത് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധിയെ ഇരുവരും എളുപ്പം മറികടയ്ക്കുകയും ബന്ധം തുടരുകയും ചെയ്തു.

അടുത്തിടെയാണ് ഇരുവരും പാരീസില്‍ നീണ്ട വെക്കേഷന്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമല്ല.

അനുഷ്‌കയെ ഡേറ്റ് ചെയ്യുന്നില്ലെന്നും തങ്ങള്‍ വേര്‍പിരിഞ്ഞെന്നും രണ്‍വീര്‍ വ്യക്തമാക്കിയതായാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. താനിപ്പോള്‍ സിംഗിളാണെന്നും രണ്‍വീര്‍ അറിയിച്ചതായാണ് വിവരം.

കഴിഞ്ഞയാഴ്ചയാണ് ഇരുവരും തമ്മില്‍ പിരിഞ്ഞതെന്നാണ് രണ്‍വീറിന്റെ സുഹൃത്ത് പറയുന്നത്. അവര്‍ക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന കാരണമാണ് പിന്നില്‍. പ്രണയം തകര്‍ന്ന രണ്‍വീര്‍ സുഹൃത്തുക്കളെയെല്ലാം അറിയിച്ചപ്പോള്‍ അനുഷ്‌ക അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായി മാത്രമാണ് ഇക്കാര്യം പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.