തമിഴകത്ത് വലിയ വിജയം നേടിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് പിന്നാലെ സംവിധായകന്‍ വിജയ്‌യും നടന്‍ വിക്രവും വീണ്ടും ഒന്നിയ്ക്കുന്നു.

ദൈവത്തിരുമകളിലൂടെ അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥ പറഞ്ഞ വിജയ് ഇത്തവണയെത്തുന്നത് ഒരു ആക്ഷന്‍ ത്രില്ലറുമായിട്ടാണ്. പുതിയ ചിത്രം പൂര്‍ണമായും വിദേശത്തായിരിക്കും ചിത്രീകരിക്കുക. ഒരിടവേളയ്ക്കുശേഷം വിക്രം വീണ്ടും പൊലീസ് വേഷമണിയുന്ന ചിത്രം കൂടിയായിരിക്കുമിത്.

ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിക്കു പുറമേ ബ്രിട്ടീഷ് സുന്ദരി എമി ജാക്‌സണുമുണ്ടാകും. മദിരാശിപ്പട്ടണമെന്ന ചിത്രത്തില്‍ നായികയായ എമിയെ വിജയ് തന്നെയാണത്രേ നിര്‍ദ്ദേശിച്ചത്. അനുഷ്‌കയെ നിര്‍ദ്ദേശിച്ചിരിക്കുന്നത് വിക്രവും.

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. 2012 ഏപ്രിലില്‍ ചിത്രം റിസീസ് ചെയ്യാന്‍ കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ചിത്രത്തിന് വേണ്ടി ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

വിക്രവും അനുഷ്‌കയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദൈവത്തിരുമകള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.