എഡിറ്റര്‍
എഡിറ്റര്‍
രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങള്‍ കാണാറില്ല; അനുരാഗ് കശ്യപ്
എഡിറ്റര്‍
Wednesday 15th August 2012 12:39pm


ഫേസ് ടു ഫേസ്: അനുരാഗ് കശ്യപ്
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍


ബോളിവുഡില്‍ ഇതിനകം പൂര്‍ത്തിയാക്കിയ  ചിത്രങ്ങളിലൂടെ സംവിധാനരംഗത്ത് നിലയുറപ്പിക്കാന്‍ അനുരാഗ് കശ്യപിന് കഴിഞ്ഞിട്ടുണ്ട്. ഗാങ്‌സ് ഓഫ് വസേയ്പൂര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ മുന്‍നിര സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഈ 39 കാരന്‍.

Ads By Google

ഇതുവരെ പിന്നിട്ട വഴികളെക്കുറിച്ചും ആല്‍ക്കഹോളിസവുമായി യുദ്ധം ചെയ്ത കാലഘട്ടത്തെക്കുറിച്ചും അനുരാഗ് കശ്യപ് ഓര്‍മിക്കുകയാണ്…
ആദ്യംമുതല്‍ തുടങ്ങാം. എങ്ങനെയാണ് സത്യ വരുന്നത്?

ഒരു പുതിയ എഴുത്തുകാരന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു രാം ഗോപാല്‍ വര്‍മ. മനോജ് ബജ്‌പേയ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ആദ്യ ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമ എങ്ങനെ ചെയ്യാമെന്ന് പഠിച്ചത്. ഇന്നോളം ഞാന്‍ ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളിലും സത്യ ചെയ്തപ്പോള്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.

എല്ലാവര്‍ക്കും വേണ്ടി എന്തും ചെയ്യാനായി തയ്യാറായി നില്‍ക്കുന്ന ആ എഴുത്തുകാരന്‍ തന്നെയാണ് ഞാന്‍ എല്ലായ്‌പ്പോഴും. അത് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പല അവസരങ്ങളും എന്നെ തേടിയെത്താന്‍ കാരണമായി. സത്യയ്ക്ക് ശേഷവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഞാന്‍ തൂലിക ചലിപ്പിച്ചു. അതിലൊന്നും എന്റെ പേരുണ്ടായിരുന്നില്ല.

ഒരു സംവിധായകനെന്ന നിലയില്‍ റാം ഗോപാല്‍ വര്‍മ്മയുടെ ഇപ്പോഴത്തെ ചിത്രങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

അതൊന്നും ഞാന്‍ കാണാറില്ല.

നല്ലതും ചീത്തയുമെന്നില്ലാതെ സിനിമ കാണുന്ന ഒരാള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലല്ലോ?

ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ട്രെയിലറുകള്‍ കണ്ടിട്ടുണ്ട്. അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പങ്കുവെച്ചിട്ടുമുണ്ട്. ചിത്രങ്ങള്‍ കണ്ട് എനിക്കിഷ്ടമായില്ലെങ്കില്‍ ഞാനത് നേരിട്ട് ചെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിഷ്ടം പിടിച്ചുപറ്റുമോയെന്ന ഭയമുണ്ട്. വ്യക്തിപരമായി ഞാനിന്നും അദ്ദേഹത്തിന്റെ വളര്‍ച്ചയാഗ്രഹിക്കുന്നു.

നിങ്ങളും നിങ്ങളുടെ സഹോദരങ്ങള്‍ അഭിനവും അനുഭൂതിയുമെല്ലാം സിനിമാ രംഗത്താണല്ലോ. എങ്ങനെയാണത് സംഭവിച്ചത്?

അമ്മയ്ക്ക് സിനിമ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ഞങ്ങള്‍ ജനിച്ചുവളര്‍ന്ന ആ ചെറുഗ്രാമത്തില്‍ നിന്നും വല്ലപ്പോഴുമേ സിനിമ കാണാനായി പോകാറുള്ളൂ. പകരം ഞങ്ങള്‍ പുഴയില്‍ പോയി കളിക്കുകയും പരമ്പരാഗത ഗെയിമുകള്‍ കളിക്കുകയും ചെയ്യും. ടി.വി കാണാന്‍ പോലും കുറഞ്ഞ അവസരങ്ങളേ ഉണ്ടാവാറുള്ളൂ. ഏതോ ഒരു ഹിന്ദി മാഗസിനിന്റെ അവസാന പേജില്‍ വരാറുള്ള സിനിമാ റിവ്യൂകള്‍ ഞാനും സഹോദരനും സഹോദരിയും സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. പിന്നീട് ഞാന്‍ സ്വന്തം കഥകള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ തുടങ്ങി. പത്രങ്ങളില്‍ നിന്നും മറ്റും സിനിമാ പോസ്റ്ററുകള്‍ വെട്ടി എന്റെ മുറിയിലെ ചുവരില്‍ നിറയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഞാന്‍ ഏറെ സമയം ചിലവഴിച്ചിരുന്നത്.

നിങ്ങളുടെ ജീവിതത്തില്‍ സഹോദരന്‍ അഭിനവിന്റെ റോളെന്താണ്?

കുട്ടിക്കാലത്ത് ഞങ്ങള്‍ നന്നായി തല്ലുകൂടുകയും അതുപോലെ സ്‌നേഹിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ആദ്യഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞശേഷം അവനാണ് എന്റെ കാര്യങ്ങള്‍ നോക്കിയത്. കുടുംബത്തിന്റെ ഒരു ഉത്തരവാദിത്തവും എനിക്കില്ല. അതെല്ലാം നോക്കുന്നത് അഭിനവാണ്. ഞാന്‍ ദേവ് ഡി ചെയ്തശേഷമാണ് അഭിനവ് ദബാങ്ങുമായി രംഗത്തുവന്നത്. അവന്‍ എല്ലായ്‌പ്പോഴും പണക്കാരനായിരുന്നു. പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലയെന്നായിരുന്നു അവന്റെ വിശ്വാസം. മത്സ്യം വെള്ളത്തില്‍ നീന്തുംപോലെയാണ് അവന്‍ സ്‌റ്റോക്ക്മാര്‍ക്കറ്റില്‍ ഇടപെടുന്നത്.

അമ്മയ്ക്ക് സിനിമ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ഞങ്ങള്‍ ജനിച്ചുവളര്‍ന്ന ആ ചെറുഗ്രാമത്തില്‍ നിന്നും വല്ലപ്പോഴുമേ സിനിമ കാണാനായി പോകാറുള്ളൂ.

 

അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ നിങ്ങള്‍ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണല്ലോ?

ഞാന്‍ പ്രാക്ടിക്കല്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ആല്‍ക്കഹോളിന് അടിമയാവുമായിരുന്നില്ല. എന്റെ മദ്യാസക്തി ആദ്യ ഭാര്യ ആരതിയുമായുള്ള വിവാഹമോചനം വരെ ചെന്നെത്തിച്ചു.

എനിക്ക് മറ്റ് മാര്‍ഗമൊന്നുമില്ലാത്തതിനാലാണ് ഞാന്‍ അന്തര്‍ദേശീയ ചലച്ചിത്രമേളകളിലേക്ക് പോകാന്‍ തുടങ്ങിയത്. എന്റെ ചിത്രങ്ങള്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്. അക്രമം, ഡ്രെഗ്‌സ് എന്നീ പേരുകള്‍ പറഞ്ഞ് ‘പാഞ്ച്’ നിരോധിച്ചതോടെ നിര്‍മാതാവിന് അതിലുള്ള താല്‍പര്യം പോയി. സ്‌ഫോടനത്തിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയായില്ലയെന്നതിനാല്‍ ബ്ലാക്ക് ഫ്രൈഡേ സ്റ്റേ ചെയ്തു. ഗുലാല്‍ ഏഴര വര്‍ഷം കാനിലുണ്ടായിരുന്നു. പ്രഫഷനിലുണ്ടായ ഈ നിരാശ കാരണം ഞാനൊരു ആല്‍ക്കഹോളിക്കായി മാറി.

അത് മാത്രമായിരുന്നോ കാരണം?

നമ്മള്‍ വളരെ ആശയവാദിയായിരിക്കുകയും എന്നാല്‍ ബിസിനസിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ജീവിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ അത് വലിയ മനപ്രയാസമുണ്ടാക്കും. ഞാന്‍ പ്രാക്ടിക്കല്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ആല്‍ക്കഹോളിന് അടിമയാവുമായിരുന്നില്ല. എന്റെ മദ്യാസക്തി ആദ്യ ഭാര്യ ആരതിയുമായുള്ള വിവാഹമോചനം വരെ ചെന്നെത്തിച്ചു. എന്റെ പെരുമാറ്റം ഞങ്ങളുടെ കുട്ടിയെ ബാധിക്കരുതെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു.

നിങ്ങളൊരു അഹങ്കാരിയാണോ?

എല്ലാം തുറന്ന് പറയുന്ന ശീലമുള്ളയാളാണ് ഞാന്‍. രാഷ്ട്രീയമായി ഞാന്‍ ശരിയല്ല. എന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ആളുകള്‍ക്ക് എന്നെ ഭയമാണ്. എന്റെ നടന്മാര്‍ എന്നെ ഇഷ്ടപ്പെടുന്നു. സിനിമ എനിക്ക് ഓക്‌സിജന്‍ പോലെയാണ്. മൂന്ന് വിദേശ ചിത്രങ്ങള്‍ കാണാനായി മാത്രം ഞാന്‍ ലണ്ടന്‍ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളായ ഇംത്യാസ് അലി, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോലെ തന്നെ ഞാന്‍ എന്റെ സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

കുറേക്കാലം മുമ്പുള്ള ഒരു സംഭവം പറയാം. മനോജ് ബജ്‌പേയ് മഹേഷ് ഭട്ടിനെ കാണാനായി എന്നെയും കൊണ്ട് പോയി. ആ സമയത്ത് ഞാന്‍ യുവാവും ആശയവാദിയുമായിരുന്നു. മഹേഷ് ഭട്ടുമായി ഒരുതരത്തിലും യോജിച്ച് പോകാന്‍ സാധിക്കാത്തയാള്‍. ഞാന്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംസാരം ചെന്നെത്തുന്നത് ബിസിനസിലേക്കാണ്. അവസാനം വാഗ്വാദമായി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ആശാരിയായി ജോലി ചെയ്യേണ്ടി വന്നാലും ഞാന്‍ മഹേഷ് ഭട്ടിനൊപ്പം ജോലി ചെയ്യില്ലെന്ന്. ഞാന്‍ ആ കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ വാച്ച്മാന്‍ എന്നോട് അവിടെ അല്പനേരം നില്‍ക്കാന്‍ പറഞ്ഞു. കുറഞ്ഞ് കഴിഞ്ഞപ്പോള്‍ മഹേഷ് ഭട്ട് താഴേക്ക് വന്ന് ‘എന്റെ ഈ മനോഭാവം ഒന്നുകില്‍ എവിടെങ്കിലും എന്നെ എത്തിക്കും, അല്ലെങ്കില്‍ ഒരിടത്തും എത്തിക്കില്ല’ എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം എനിക്ക് പതിനായിരം രൂപ തന്നു. എന്റെ കൈവശം അന്ന് ഒരു പൈസയുമുണ്ടായിരുന്നില്ല.

നിങ്ങളുടെ നിര്‍മാതാക്കള്‍ക്ക് നിങ്ങള്‍ അധിക ബാധ്യതയുണ്ടാക്കാറുണ്ടോ?

ഇന്റസ്ട്രിയിലെ യഥാര്‍ത്ഥ ചിലവിന്റെ 10% മാത്രമാണ് ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ചിലവാക്കാറുള്ളത്. 18 കോടി ചിലവഴിച്ചാണ് ഞാന്‍ ഗാങ്‌സ് ഓഫ് വസേയ്പൂര്‍ ചെയ്തത്. 125 കോടിയില്‍ കുറഞ്ഞ് ആര്‍ക്കെങ്കിലും ഈ ചിത്രം ചെയ്യാനാകുമോയെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു.

ഒരു സിനിമ കണ്ടാല്‍ ഞാന്‍ പറയാറുണ്ട് ഇതിന്റെ ചിലവിന്റെ 20% കുറവില്‍ എനിക്കിത് ചെയ്യാനാകുമെന്ന്. എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി അറിയുന്നതിനാല്‍ എനിക്ക് ചിലവ് കുറയ്ക്കാന്‍ കഴിയും. എന്റെയൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാനാഗ്രഹിക്കാത്ത ഒരു നിര്‍മാതാവ് പോലും എനിക്കുണ്ടായിട്ടില്ല.

വ്യക്തിപരമായി പറയുകയാണെങ്കില്‍ സിനിമയിലെത്തി 20 വര്‍ഷത്തിനുശേഷമാണ് ഞാനൊരു കാറ് വാങ്ങിയത്. നിങ്ങള്‍ക്ക് യാരി റോഡിലെത്തി എന്റെ വീട് നേരിട്ട് കണ്ട് വിലയിരുത്താം. ഞാന്‍ പ്രൊഡ്യൂസര്‍മാരെ ചതിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതരീതി അതിനനുസരിച്ച് മാറില്ലേ?

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement