മുംബൈ: ആദ്യ ചിത്രമായ ദേവ് ഡി യുടെ സംവിധായകന്‍ അനുരാഗ് കശ്യപുമായി സിനിമ കഴിയുമ്പോഴേക്കും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തയാളാണ് കല്‍കി. തന്റെ ഭര്‍ത്താവിന് പുതിയൊരു അംഗീകാരം കൂടി നല്‍കിയിരിക്കുകയാണ് കക്ഷി. തന്റെ ഏറ്റവും നല്ല വിമര്‍ശകന്‍ അനുരാഗ് തന്നെയാണെന്നാണ് കല്‍ക്കിയുടെ കമന്റ്.

‘എന്റെ ഓരോ പിഴവുകളും അദ്ദേഹം ചൂണ്ടിക്കാട്ടിത്തരും.അടുത്തിടെ ഞാന്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം പറഞ്ഞത് അതില്‍ മികച്ച കുറേ കാര്യങ്ങളുണ്ട്. പക്ഷെ അപാകതകള്‍ ഏറെയുണ്ടെന്നാണ്. എന്നോട് മാറ്റി എഴുതാന്‍ പറഞ്ഞിരിക്കുകയാണ് ’28കാരിയായ കല്‍കി പറയുന്നു.

ഇതുവരെ അനുരാഗിന്റെ മൂന്ന് ചിത്രങ്ങളില്‍ കല്‍കി അഭിനയിച്ചിട്ടുണ്ട്. കശ്യപിന്റെ അടുത്ത ചിത്രത്തമായ ‘ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ്’ല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കല്‍കിയാണ്. ഇതിന്റെ തിരക്കഥയും കല്‍കിയുടേതാണ്.

ഈ സിനിമയ്ക്ക് ശേഷം ഗൗരവമേറിയ പ്രൊജക്ടുകള്‍ കല്‍കിയുമായി ഒരുമിച്ച് ചെയ്യില്ലെന്നാണ് കശ്യപ് പറയുന്നത്. അത് അവരുടെ വ്യക്തിജീവിതത്തെ ബാധിക്കുമത്രെ.
കശ്യപിന്റെ വിമര്‍ശനങ്ങളെ പറ്റി ചോദിച്ചപ്പോള്‍ കല്‍കി വാചാലയാകുകയാണ്. ഞങ്ങള്‍ ഒരേ സിനിമയിലാണ് ജോലിചെയ്യുന്നതെങ്കില്‍ വ്യക്തിപരമായ സംസാരങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിയുന്നത് തന്നെ വലിയ സന്തോഷം. ഇത്രയേറെ സ്‌നേഹിക്കുന്ന ഒരാളെ ജീവിതപങ്കാളിയെ ലഭിച്ചത് തന്നെ എത്ര വലിയകാര്യമാണെന്നും നടി പറയുന്നു.

തൊഴില്‍പരമായ തീരുമാനങ്ങള്‍ പരസ്പരം എടുക്കാറുണ്ടോയെന്ന ചോദ്യത്തിന്, ആ കാര്യത്തില്‍ തങ്ങള്‍ തീര്‍ത്തും വ്യത്യസ്തരാണെന്നും.ഫിലിംമേക്കറുടെ ജോലിയെപറ്റി തനിക്ക് ഒന്നും അറിയില്ലെന്നുമാണ് നടിയുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട് ദിവസേനെ ധാരാളം പേര്‍ വിളിക്കാറുണ്ട്. കശ്യപിന്റെ മാനേജരുടെ റോള്‍ ഇത്തരം സമയങ്ങളില്‍ താന്‍ ഏറ്റെടുക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.