പത്തനംതിട്ട: പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സുവിശേഷക സംഘത്തിന്റെ ജാമ്യം സെഷന്‍സ് കോടതി റദ്ദാക്കി. നേരത്തെ കീഴ്‌ക്കോടതി അനുവദിച്ച ജാമ്യമാണ് ജില്ലാ സെഷന്‍സ് കോടതി 439(2) വകുപ്പ് പ്രകാരം റദ്ദു ചെയ്തത്.

ചുങ്കപ്പാറ പുന്നക്കല്‍ സജി ജേക്കബ്(45), ബന്ധുക്കളായ പ്രസാദ് ജേക്കബ്(53), റെജി ജേക്കബ്(44), ചാര്‍ലി പി സാം(26), പാസ്റ്റര്‍ ഏബ്രഹാം തോമസ്(47) എന്നിവരുടെ ജാമ്യമാണ് റദ്ദ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരാന്‍ തിരുവല്ല ഡി വൈ എസ് പി വിനോദ്കുമാറിന് കോടതി നിര്‍ദ്ദേശം നല്‍കി. ജില്ലാ സെഷന്‍സ് ജഡ്ജ് എസ് സതീനാഥിന്റെയാണ് ഉത്തരവ്.

മതവികാരം വ്രണപ്പെടുത്തുക, അശ്ലീല സാഹിത്യ പ്രചാരണം എന്നീ കുറ്റങ്ങള്‍ക്ക് 153, 295 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം നല്‍കിയിരുന്നു. ഈ നടപടിയാണ് സെഷന്‍സ് കോടതി റദ്ദാക്കിയത്.