ന്യൂദല്‍ഹി: വിവാദമായ ആന്‍ട്രിക്‌സ്-ദേവാസ് എസ് ബാന്‍ഡ് കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിച്ച് 15 ദിവസത്തിനകം നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ കാബിനറ്റ് സെക്രട്ടറി ബി.കെ ചതുര്‍വേദി, പ്രൊഫ.റോദം നരസിംഹ എന്നിവരാണ് സമിതിയംഗങ്ങള്‍. എസ്്-ബാന്‍ഡ് കരാറിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പരിശോധന നടത്തണമെന്ന് സമിതിയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

766 കോടി രൂപയുടെ കരാറിലാണ് ദേവാസും ആന്‍ട്രിക്‌സും തമ്മില്‍ 2005ല്‍ ഒപ്പിട്ടത്. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കാനുദ്ദേശിക്കുന്ന ജി.എസ്.എ.ടി6, ജി.എസ്.എ.ടി 6A എന്നിവയ്ക്ക് ട്രാന്‍സ്‌പോണ്ടറുകള്‍ നല്‍കാനായിരുന്നു ധാരണ. പകരമായി ഏറെ മൂല്യമുള്ള എസ്ബാന്‍ഡ് സ്‌പെക്ട്രം തുച്ഛമായ തുകയ്ക്ക് ദേവാസിന് ലഭിക്കുകയും ചെയ്യും.

കരാര്‍ വിവാദമായതോടെ ദേവാസുമായുള്ള എല്ലാ ബന്ധങ്ങളും ഐ.എസ്.ആര്‍.ഒ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം കരാര്‍ റദ്ദാക്കുകയായിരുന്നു.