എഡിറ്റര്‍
എഡിറ്റര്‍
കോപ്ടര്‍ ഇടപാട്: ആറ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് ആന്റണി
എഡിറ്റര്‍
Wednesday 13th February 2013 11:30am

ന്യൂദല്‍ഹി: ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളെ കരിമ്പട്ടികയില പെടുത്തിയതായി പ്രതിരോധമന്ത്രി എ.കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി.ബി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിങ് അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ഉടനെ പൂര്‍ത്തിയാക്കാന സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ രക്ഷപ്പെടാന പോകുന്നില്ലെന്നും ആന്റണി പറഞ്ഞു.

ഒരു ദിവസം കൊണ്ട് തീരുമാനിച്ചതല്ല ഹെലികോപ്ടര്‍ കരാറെന്നും 10 വര്‍ഷത്തെ പഴക്കം അതിനുണ്ടെന്നും ആന്റണി പറഞ്ഞു. അഴിമതി വിവരങ്ങള്‍ അറിഞ്ഞ ഉടനെ അന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചു.

മുന്‍ വ്യോമ സേനാ മേധാവിക്ക് ഇതുമായി ബന്ധമുണ്ടോ എന്നറിയില്ല. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കും. ഇടപാടില്‍ പങ്കുള്ളവര്‍ ആരായാലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആന്റണി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവിയും കോഴവാങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗിയുടെ പേരാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്.പി ത്യാഗിയുടെ പേരുള്ളത്. അതേസമയം, എത്ര രൂപയാണ് ത്യാഗി കൈപ്പറ്റിയതെന്ന് വ്യക്തമല്ല. 362 കോടി രൂപ ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് അറിയുന്നത്. ത്യാഗിക്ക് പുറമേ അദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.

ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ ‘ഫിന്‍മെക്കാനിക്ക’ യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.

2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.

എന്നാല്‍ ഇടപാടില്‍ കമ്പനി കൃത്രിമം കാണിച്ചതായി തങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.  ആരോപണങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മൂന്ന് ഹെലികോപ്റ്ററാണ് കരാര്‍ പ്രകാരം ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കളുടെ യാത്രയ്ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുവരുന്നത്.

Advertisement