ഇടുക്കി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കിയിലെ ജനങ്ങളുടെ അതേ വികാരമാണ് തനിയ്ക്കുമുള്ളതെന്ന് കോണ്‍ഗ്രസ്സ് നേതാവും പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി. താന്‍ ഇരിക്കുന്ന കസേരയെ മാനിക്കുന്നതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തത്. മുല്ലപ്പെരിയാറിലെ പ്രശ്‌നം ഇടുക്കിയിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വ്യക്തമായ നിലപാട് ഇല്ലെന്നും ഇതു പ്രാദേശിക തലങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള സ്വാധീനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ ഇതു വികാരപരമായ അന്തരീക്ഷത്തില്‍ എത്തിയതിനാല്‍ അതു ചര്‍ച്ചയിലൂടെ തീര്‍ക്കാനാകണം.

ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിലേക്ക് മുല്ലപ്പെരിയാര്‍ വിഷയത്തെ എത്തിക്കരുത്. പ്രശ്‌നം നീണ്ടുപോയാല്‍ സംഘര്‍ഷാവസ്ഥ ഉണ്ടായേക്കാം. നൂറ്റാണ്ടുകളുടെ സൗഹൃദത്തില്‍ കഴിയുന്നവരാണ് ഇരു സംസ്ഥാനങ്ങളും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ എത്രയും വേഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പ്രശ്‌ന പരിഹാരത്തിനായി സാധ്യമായ നടപടികള്‍ എല്ലാം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English