എഡിറ്റര്‍
എഡിറ്റര്‍
പ്രതിരോധവകുപ്പ് ഭരിക്കുമ്പോള്‍ പൂച്ചെണ്ട് പ്രതീക്ഷിക്കുന്നില്ല: ആന്റണി
എഡിറ്റര്‍
Wednesday 11th April 2012 4:37pm

കൊച്ചി: സുപ്രധാനമായ പ്രതിരോധ വകുപ്പ് ഭരിക്കുമ്പോള്‍ പൂച്ചെണ്ടൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മറ്റെന്തിനെക്കാളും രാജ്യതാല്പര്യം തന്നെയാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ആന്റണി പറഞ്ഞു.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ഒരു ആക്ഷേപങ്ങളും തള്ളിക്കളയില്ല. ആക്ഷേപങ്ങള്‍ പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കും അഴിമതി മൂടി വയ്ക്കാനോ, ആരോടെങ്കിലും പക തീര്‍ക്കുന്ന സമീപനമോ സര്‍ക്കാരിനില്ല. കുറ്റങ്ങള്‍ കണ്ടാല്‍ അന്വേഷിച്ച് നടപടി എടുക്കുകയാണ് സര്‍ക്കാരിന്റെ രീതി. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കരാറുകള്‍ റദ്ദാക്കും. രാജ്യതാല്‍പര്യമാണ് പ്രധാനം. ഇക്കാര്യത്തില്‍ വന്‍കിട കമ്പനികളുടെയോ, മറ്റുരാജ്യങ്ങളുടെയോ എതിര്‍പ്പ് പ്രശ്‌നമല്ല. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്, വിമര്‍ശകരോട് ഏറ്റുമുട്ടാനില്ലെന്നും ആന്റണി പറഞ്ഞു.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍  നമ്മുടെ മുമ്പിലുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി. സൈന്യവും പ്രതിരോധ വകുപ്പും തമ്മില്‍ യാതൊരു അഭിപ്രായ ഭിന്നതയും ഇല്ല.

തീരസുരക്ഷയ്ക്കായി 46 റഡാര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. അതില്‍ നാലെണ്ണം കേരളത്തിലായിരിക്കും. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോസ്റ്റ്ഗാര്‍ഡിനും, പോലീസിനും, ഷിപ്പിംഗ് മിനിസ്ട്രിയ്ക്കുമൊപ്പം തീരസുരക്ഷയ്ക്ക് മത്സ്യത്തൊഴിലാളികളും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ക്കൊള്ളയ്ക്ക് പരിഹാരം കണ്ടെത്താനായിട്ടില്ല. കടല്‍ കൊള്ളക്കാരെ നേരിടാന്‍ യു.എന്‍ മുന്‍കയ്യെടുക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.

Advertisement