എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ ആന്റണിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
എഡിറ്റര്‍
Wednesday 31st October 2012 7:53am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമായി. കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണിയാണ് രണ്ടാം സ്ഥാനത്തെന്ന് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Ads By Google

ഇത് വ്യക്തമാക്കുന്ന പട്ടികയും പ്രധാമന്ത്രിയുടെ ഓഫീസ് പ്രസിദ്ധപ്പെടുത്തി. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജി എത്തിയതോടെ മന്ത്രിസഭയില്‍ പ്രധാനമന്ത്രിക്ക് താഴെ വരുന്നത് ആരെന്നതിനെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായിരുന്നു.

സീനിയോരിറ്റി അനുസരിച്ച് കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ രണ്ടാമനാക്കണമെന്ന് എന്‍.സി.പി ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ പവാറിനെ മൂന്നാം സ്ഥാനത്തും ധനകാര്യമന്ത്രി പി. ചിദംബരത്തെ നാലാം സ്ഥാനത്തുമാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക പുറത്തിറക്കിയത്.

പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ആവശ്യമെങ്കില്‍ അടിയന്തിര മന്ത്രിസഭാ യോഗം വിളിക്കേണ്ടതും തീരുമാനം കൈക്കൊള്ളേണ്ടതും മന്ത്രിസഭയിലെ രണ്ടാമനാണ്. പ്രധാനമന്ത്രി വിദേശ പര്യടനത്തില്‍ ആയിരിക്കുമ്പോള്‍ ചുമതല വഹിക്കേണ്ടതും രണ്ടാമന്‍ തന്നെയാണ്.അങ്ങനെ വരുമ്പോള്‍ ആ ചുമതല ഇനി നിര്‍വഹിക്കേണ്ടത് എ.കെ ആന്റണി ആണ്.

നവംബര്‍ 15ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജപ്പാന്‍, കംബോഡിയ രാജ്യങ്ങളില്‍ സന്ദര്‍ശത്തിന് പോകുന്നുണ്ട്. ആ സമയത്ത് ആന്റണിയ്ക്കായിരിക്കും ചുമതല.

മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിക്കുന്നത് പ്രണബ് മുഖര്‍ജി മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ്.അന്നത്തെ പട്ടികയില്‍ പവാര്‍ മൂന്നാമതും ആന്റണി നാലാമതുമായിരുന്നു.

പ്രണബ് മുഖര്‍ജി ഒഴിഞ്ഞ ശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ ആന്റണി പങ്കെടുത്തിരുന്നില്ല. അന്ന് പ്രധാനമന്ത്രിയുടെ അടുത്ത കസേരയില്‍ രണ്ടാമനായി പവാര്‍ ഇരുന്നു. ഇത് ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടവെയ്ക്കുകയും പ്രധാനമന്ത്രിയുടെ അടുത്ത് രണ്ടാമനായി ഇരിക്കേണ്ടത് ആന്റണിയാണെന്ന വാദവും വന്നു. ഇതോടെ വിഷയത്തില്‍ പവാര്‍ ഇടഞ്ഞു.

തുടര്‍ന്ന് പവാറും പ്രഫുല്‍ പട്ടേലും തുടര്‍ച്ചയായി മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. ഇതോടെ വിഷയം വഷളായി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സൈറ്റില്‍ നിന്ന് മന്ത്രിമാരുടെ പട്ടിക അപ്രത്യക്ഷമാകുകയും പുന:സംഘനയ്ക്ക് ശേഷം പുതിയ പട്ടിക വീണ്ടും പ്രസിദ്ധപ്പെടുത്തുകയുമായിരുന്നു.

Advertisement