ന്യൂദല്‍ഹി: സിനിമാനടന്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തെന്നു പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇക്കാര്യത്തില്‍ സൈന്യത്തിന് വ്യക്തമായ നടപടിക്രമമുണ്ടെന്നും ആന്റണി പറഞ്ഞു. ദല്‍ഹിയില്‍ വ്യോമസേന ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പരസ്യത്തിലഭിനയിച്ചെന്നത് സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Subscribe Us:

ഗ്രാന്റ് കേരള ഷോപ്പിംങ് ഫെസ്റ്റിവെലിന്റെ പരസ്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ വേഷം ഉപയോഗിച്ചതായാണ് മോഹന്‍ലാലിനെതിരെയുള്ള പരാതി. താന്‍ ഉപയോഗിച്ചത് കാണ്ഡഹാര്‍ ചിത്രത്തിലെ വേഷമാണെന്നും, പ്രതിഫലം വാങ്ങാതെയാണ് ആ പരസ്യത്തില്‍ അഭിനയിച്ചതെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം.

അതിനിടെ, പാക്ക് അധീന കശ്മീരില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും പ്രതിരോധമന്ത്രി അറിയിച്ചു. ചൈനയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.