കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരെത്തി. ആലുവയിലെ സബ്ജയിലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാനായി എത്തിയിരിക്കുന്നത്.

ഗണേഷ് കുമാര്‍ എം.എല്‍.എ ദിലീപിനെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ജയിലിലെത്തിയത്.

സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ട സമയാണ് ഇതെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.


Dont Miss സ്വന്തം സഹപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ക്ക് പിന്തുണയുമായിട്ടാണ് സിനിമലോകം എത്തുന്നത്; വിമര്‍ശനവുമായി വിനയന്‍


നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു. ഇന്ന് വൈകീട്ടോടെ നടന്‍ മമ്മൂട്ടിയും ജയിലിലെത്തി ദിലീപിനെ കാണുമെന്നാണ് അറിയുന്നത്.

അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാനായി നാളെ താത്കാലിക പരോളില്‍ ദിലീപ് പുറത്തിറങ്ങാനിരിക്കെയാണ് സിനിമാലോകത്തെ പ്രമുഖര്‍ പിന്തുണയുമായി ജയിലില്‍ എത്തുന്നത്.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്.