എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ആന്റണി മൗനിബാബയെപോലെ: വി.എസ്
എഡിറ്റര്‍
Wednesday 14th March 2012 10:11am

കൊച്ചി: കേരളത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ദല്‍ഹിയില്‍ എ.കെ. ആന്റണി മൗനിബാബയെപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

മുല്ലപ്പെരിയാറിന് വേണ്ടി തമിഴ്‌നാട് കേന്ദ്രത്തില്‍ പല ഇടപെടലുകളും നടത്തി. എന്നാല്‍ കേരളത്തിന് വേണ്ടി സംസാരിച്ചില്ലെന്നു മാത്രമല്ല. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. കേരളത്തിന് ദോഷകരമായ നദീസംയോജന പദ്ധതിയിലും ഇതാണ് അവസ്ഥ. പിറവത്ത് വന്ന് പ്രസംഗിച്ച ആന്റണിക്ക് മുല്ലപ്പെരിയാറിനെക്കുറിച്ചും നദീസംയോജനക്കരാറിനെക്കുറിച്ചും ഒരുവാക്ക് പോലും മിണ്ടാതിരുന്നത് എന്താണെന്നും.എസ് ചോദിച്ചു.

അതിവേഗം ബഹുദൂരം കേരളത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിക്കുന്നുവെന്നാണ് ആന്റണി പറഞ്ഞത്. കൊച്ചി മെട്രോയാണ് ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അനന്തരവന്റെ ജോലി ഉറപ്പിക്കാന്‍ വേണ്ടി മെട്രോ പദ്ധതിയുടെ അക്കൗണ്ട് സ്വകാര്യ സ്ഥാപനത്തിന് നല്‍കിയ ആളാണ് ഉമ്മന്‍ചാണ്ടിയെന്നും വി.എസ് പറഞ്ഞു.

എന്ത് അഴിമതി കണ്ടാലും അതെല്ലാം കണ്ണുംപൂട്ടിയിരുന്ന് അതിനെല്ലാം മൗനാനുമതി നല്‍കുന്നതുകൊണ്ടാണ് ആന്റണി ഇന്നും കേന്ദ്രത്തില്‍ തുടരുന്നത്. അദ്ദേഹം എല്ലാ അഴിമതികള്‍ക്കും മൂകസാക്ഷിയാണ്. ആന്റണി കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല-വി.എസ് വ്യക്തമാക്കി.

എന്നാല്‍ എ.കെ.ആന്റണി എന്തുചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴയിലെ ജനങ്ങളോടു ചോദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. ബി.എച്ച്. ഇ.എല്‍ യൂണിറ്റ് മലമ്പുഴയില്‍ അനുവദിച്ച് അതിന്റെ ഉദ്ഘാടനം വി.എസിനെ കൊണ്ടു നിര്‍വഹിപ്പിച്ചത് ആന്റണിയാണ്. എ.കെ. ആന്റണി കേരളത്തിനു വേണ്ടി ചെയ്തത് അറിയാന്‍ എളമരം കരീമിനോടും ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Malayalam news

Kerala news in English

Advertisement