ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ സമയമായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.

Ads By Google

Subscribe Us:

ഇന്ത്യ-പാക് അതിര്‍ത്തിയിലെ അന്തരീക്ഷം സാധാരണനിലയിലാവാന്‍ എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. നിയന്ത്രണരേഖയിലെ സംഘര്‍ഷം കുറഞ്ഞതായാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി എന്‍.സി.സി. ക്യാമ്പ് സന്ദര്‍ശിക്കവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ ശൈത്യകാലത്തും നുഴഞ്ഞുകയറാന്‍ ശ്രമം നടക്കുന്നു. കടുത്ത തണുപ്പില്‍പ്പോലും ഇതാണ് സ്ഥിതിയെങ്കില്‍ വേനല്‍ക്കാലത്തെ അവസ്ഥയെന്താകുമെന്ന് ആന്റണി ചോദിച്ചു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം ക്രൂരമായി വധിച്ച സംഭവത്തെ ആന്റണി അപലപിച്ചു. ഇതിനെത്തുടര്‍ന്ന് ചില കാര്യങ്ങള്‍ പാകിസ്താന്‍ ഉറപ്പുനല്കിയെങ്കിലും അത് എത്ര പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് നോക്കിക്കാണണം.

ഇരുരാജ്യങ്ങളിലെയും ഡി.ജി.എം.ഒമാര്‍നടത്തിയ ചര്‍ച്ചയിലൂടെ സംഘര്‍ഷത്തില്‍ അയവുണ്ടെങ്കിലും ബന്ധം പുനഃസ്ഥാപിക്കുന്നതു നിരവധി ഘടകങ്ങളെ ആശ്രയിച്ചാണെന്നു ആന്റണി പറഞ്ഞു

അതുവരെ അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാകുന്നതിനെക്കുറിച്ച് പറയുന്നത് നേരത്തെയായിപ്പോകും. ഇന്ത്യ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.