എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയശക്തികളെ ഒഴിവാക്കാന്‍ സി.പി.ഐ.എമ്മിന് യുപിഎയെ പിന്തുണക്കേണ്ടി വരും: എകെ ആന്റണി
എഡിറ്റര്‍
Sunday 30th March 2014 3:57pm

antony

കാസര്‍കോട്: വര്‍ഗീയശക്തികളെ അകറ്റി നിര്‍ത്തുമെന്ന സി.പി.ഐ.എമ്മിന്റെ പ്രഖ്യാപനം ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി.

ഇപ്പോഴത്തെ നയങ്ങളും സമീപനങ്ങളും സി.പി.ഐ.എം മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പടുമെന്നും അദ്ദേഹം പറഞ്ഞു.

കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതിയാകും സി.പി.ഐ.എമ്മിന്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് മറ്റേത് സര്‍ക്കാരും നല്‍കുന്നതിനേക്കാള്‍ മികച്ച വികസനങ്ങളാണ് കാഴ്ച്ചവച്ചത്.

കേരളത്തോട് എ്ല്ലായ്‌പ്പോഴും ഉദാരസമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.  കേരളത്തിന്റെ ആവശ്യങ്ങളില്‍ 95 ശതമാനവും കേന്ദ്രം നിറവേറ്റി. കേരളത്തെ ഇത്രയും കൈയയച്ച് സഹായിച്ച മറ്റൊരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ആന്റണി പറഞ്ഞു.

വികസനകാര്യങ്ങളില്‍ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ കുതിക്കുകയാണ്. ഗുജറാത്ത് വികസനത്തില്‍ കേരളത്തിന്റെ അടുത്തുപോലും വരില്ലെന്നും ഗുജറാത്തിലേത് വെറും പ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആവില്ലെന്നും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെങ്കിലും സാമാന്യം മെച്ചപ്പെട്ട സീറ്റുകള്‍ നേടുമെന്നും ആന്റണി പറഞ്ഞു.

കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement