മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വകാര്യ വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി വിവാദത്തില്‍. ആഡംബര വസതി നിര്‍മ്മിച്ചിരിക്കുന്ന 48,782 ചതുരശ്ര അടി സ്ഥലം മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംവരണം ചെയ്തതാണെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഹമ്മദ് ആരിഫ് നസീം ഖാന്‍ തിങ്കളാഴ്ച സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. കരീംഭോയ് ഇബ്രാഹീം ഖോജാ ഓര്‍ഫനേജ് ട്രസ്റ്റില്‍ നിന്നും 215 മില്ല്യണ്‍ രൂപക്ക് 2002ലാണ് മുകേഷ് അംബാനി ഈ സ്ഥലം വാങ്ങിയത്.

കരാറിന് അംഗീകാരം നല്‍കിയത് മുംബൈ ചാരിറ്റി കമ്മീഷണറായിരുന്നു. പക്ഷേ, കരാറിനെ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. 2004 മുതല്‍ വഖഫ് ബോര്‍ഡ് അംബാനിയോട് ഭൂമി തിരിച്ചു തരാന്‍ ആവിശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഈ ഭൂമിക്ക് അഞ്ച് ബില്ല്യണ്‍ രൂപ മതിപ്പ് കല്‍പ്പിക്കപ്പെടുന്നുണ്ട്.

ദക്ഷിണ മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡിലാണ് ‘ആന്റില്ല’ എന്ന വീട് സ്ഥിതി ചെയ്യുന്നത്. വാഹന പാര്‍ക്കിംഗ്, സ്വിമ്മിംഗ് പൂള്‍, തിയ്യറ്റര്‍, ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ വീട്ടിലുണ്ട്. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്താണ്.