എഡിറ്റര്‍
എഡിറ്റര്‍
ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം: രോഗാണുക്കള്‍ പ്രതിരോധം ആര്‍ജ്ജിക്കുന്നതായി പഠനങ്ങള്‍
എഡിറ്റര്‍
Saturday 30th November 2013 2:41pm

antibiotics

ആന്റിബയോട്ടിക്കുകള്‍ ആരോഗ്യമേഖലയില്‍ അനിവാര്യമാണെങ്കിലും അവയുടെ അമിതഉപയോഗം രോഗാണുക്കളില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

എല്ലാത്തരം   രോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണോ എന്ന പ്രസക്തമായ ചോദ്യമുയര്‍ത്തുകയാണ് ആരോഗ്യസംഘടനകളും വിദഗ്ധരും.

മനുഷ്യര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മാത്രമല്ല ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ പെട്ടെന്ന് വളരാനായി നല്‍കുന്ന തീറ്റയും രോഗാണുക്കളുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നു. മൃഗങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ കൊടുക്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യരെയും ബാധിക്കുന്നു.

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുകയുള്ളു. എന്നാല്‍ പലപ്പോഴും വൈറസ് മൂലമുണ്ടാകുന്ന ജലദോഷം പോലെയുള്ള രോഗങ്ങള്‍ക്ക് പോലുലും  ഇവ ഉപയോഗിക്കുന്നു. ഇതും രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഇന്ന് വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കാറുണ്ട്. ഒരു  ടണ്‍ കോഴിത്തീറ്റയില്‍ 200 ഗ്രാം വരെയാണ് അളവ്. വളര്‍ച്ച കൂട്ടുകയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ഉദ്ദേശം.

ഇത് അവയുടെ ശരീരത്തില്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ ഒരു കൂട്ടത്തെ തന്നെ സൃഷ്ടിക്കുന്നു. മാംസം കഴിക്കുന്നതിലൂടെ ഇത് മനുഷ്യശരീരത്തിലുമെത്തും. ഇവയുടെ വിസര്‍ജ്യം വഴിയും ഈ ബാക്ടീരിയകള്‍  മനുഷ്യനിലെത്താം.

മനുഷ്യരില്‍ ഈ രോഗാണുക്കള്‍ പരസ്പരം പകരുന്നു. അതോടെ ആന്റിബയോട്ടിക്കുകളുടെ ശക്തി വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടതായി വരും.

സ്വയം ചികിത്സയും പരസ്യങ്ങളുടെ സ്വാധീനവും മരുന്നുകളെ കുറിച്ചുള്ള അറിവില്ലായ്മയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് കാരണമാകുന്നു. ആശുപത്രികളില്‍ പോലും ഇവ അനിയന്ത്രിതമായി ഉപയോഗിക്കുന്നു. ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ്  നിര്‍ദ്ദേശിക്കുന്നു. ജലദോഷം, തൊണ്ടവേദന തുടങ്ങിയ നിസാരരോഗങ്ങള്‍ക്ക് പ്രത്യേകിച്ചും.

അമേരിക്കയില്‍ പ്രതിവര്‍ഷം 20 ലക്ഷം പേരെയാണ് ആന്റിബയോട്ടിക്‌സിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് 23000-ഓളം മരണങ്ങളും സംഭവിക്കുന്നു. അതിനാല്‍ രോഗത്തിന്റെ തീവ്രത അനുസരിച്ചേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ എന്ന് ലേഖനം നിര്‍ദ്ദേശിക്കുന്നു.

ആന്റിബയോട്ടിക് ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ലോകം ഇതിന് കനത്ത് വില നല്‍കേണ്ടിവരുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

Advertisement