ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്ര മന്ത്രി കമല്‍നാഥിനും പങ്കുണ്ടെന്ന കേസില്‍  സെപ്റ്റംബര്‍ 21ന് യു.എസ്. കോടതി വാദം കേള്‍ക്കും. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് കേസ് നല്‍കിയിട്ടുള്ളത്. വിചാരണയ്ക്ക് മുമ്പുള്ള വാദം കേള്‍ക്കലാണ്‌ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

ഗൂഢാലോചന, സഹായം നല്‍കല്‍, പ്രേരണ എന്നി കുറ്റങ്ങളാണ് കോണ്‍ഗ്രസിനും കമല്‍നാഥിനുമെതിരെ ആരോപിച്ചിട്ടുള്ളത്. കേസ് നല്‍കിയതിനെ തുടര്‍ന്ന് കോടതി കോണ്‍ഗ്രസിന്  നേരത്തെ സമന്‍സ് അയച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കമല്‍നാഥിനെ ഉദ്ദേശിച്ചുകൊണ്ട് നല്‍കിയ കേസ് പിന്നീട് കോണ്‍ഗ്രസിനെതിരെ തിരിയുകയായിരുന്നു. കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഹാജരാകണമെന്ന് കോടതി ഉത്തരവ് നല്‍കി.

ന്യൂയോര്‍ക്ക് ഫെഡറല്‍ ജില്ലാകോടതിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. അതേസമയം കമല്‍നാഥ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ ആസ്ഥാനം ന്യൂയോര്‍ക്കാണ്. സംഘടനയ്ക്ക് ഇന്ത്യയിലും പ്രവര്‍ത്തനമുണ്ട്.