Categories

റഷ്യയില്‍ പ്രക്ഷോഭം വ്യാപിക്കുന്നു, പുടിന് പിന്തുണയുമായി ചൈന

മോസ്‌കോ: റഷ്യയിലെ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ നടന്ന വ്യാപക ക്രമക്കേടുകള്‍ക്കെതിരെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ‘വ്‌കൊന്‍താക്ടെ’യിലും ഫേസ്ബുക്കിലുമായി 50,000 റഷ്യക്കാര്‍ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു.

റഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. ഇവര്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, റാലികള്‍ സമാധാനപരമല്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രി റാഷിദ് നുര്‍ഗലിയേവ് പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വല്‍ദിമിര്‍ പുടിന്റെ പാര്‍ട്ടിക്ക് 49.54 ശതമാനം വോട്ടാണു കിട്ടിയത്. 19.12 ശതമാനം വോട്ടോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബാലറ്റില്‍ കൃത്രിമം കാണിക്കുന്നതായി ഇന്റര്‍നെറ്റില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി പുടിന് പിന്തുണയുമായി ചൈന രംഗത്തെത്തി. റഷ്യന്‍ തിരഞ്ഞെടുപ്പു ഫലം 700 നിരീക്ഷകര്‍ അംഗീകരിച്ചതാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ കണ്‍ഫ്യൂഷ്യസിന്റെ പേരിലുള്ള സമാധാന സമ്മാനവും ചൈന പുടിന് സമ്മാനിച്ചു. ലിബിയയിലെ നാറ്റോ ആക്രമണത്തെ എതിര്‍ത്തതിനാണു പുടിനു സമാധാന സമ്മാനം നല്‍കുന്നതെന്ന് ചൈന വ്യക്തമാക്കി. ചൈനയില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ഥികള്‍ സമ്മാനം ഏറ്റുവാങ്ങി.

റഷ്യയിലെ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുകയാണെന്ന ആക്ഷേപവുമായി പുടിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.