മലപ്പുറം: സര്‍ക്കാരിന്റെ പള്‍സ് പോളിയോ വാക്‌സിന്‍ പരിപാടിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മലപ്പുറം ജില്ലാ കലക്ടറുടെപ്രസ്താവന സത്യമായി. മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ഇന്ന് രാവിലെ നടന്ന പരിപാടിയില്‍ പോളിയോ വാക്‌സിനെതിരെ നോട്ടീസ് വിതരണം ചെയ്ത ആറു പേര്‍ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

രാവിലെ 10 മണിക്കാണ് ജനാരോഗ്യ പ്രസ്ഥാനം എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുന്നിലെത്തി പോളിയോ വാക്‌സിനെതിരായ നോട്ടീസുകള്‍ വിതരണം ചെയ്തത്. അല്‍പസമയത്തിനുള്ളില്‍ പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. 25ഓളം പേരാണ് നോട്ടീസ് വിതരണം നടത്തിയത്.

ജനാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ സാജന്‍ സിന്ധു, ഡോ. ഹരി പി.ജി, അബ്ദുല്ലത്തീഫ്, മന്‍സൂര്‍, ശ്രീധരന്‍, ഹസന്‍ എന്നിവരാണ് അറസ്റ്റിലായത്. 151ാം വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പോലീസ് തങ്ങളെ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സാജന്‍ സിന്ധു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഞങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിട്ട് മൂന്ന് മണിക്കൂറിലധികമായി. ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏത് വകുപ്പാണ് ഞങ്ങള്‍ക്കെതിരെ ചുമത്തേണ്ടതെന്ന ആലോചനയിലാണ് പോലീസുകാര്‍’ സാജന്‍ പറഞ്ഞു. പോളിയോ വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിന് ശക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. വാക്‌സിനെതിരെ ഞങ്ങള്‍ പ്രചരണം നടത്തുന്നുവെന്നതുകൊണ്ട് കേസെടുക്കാനാവില്ല. നോട്ടീസില്‍ സംഘടനയുടെ പേരില്ലെന്ന കുറ്റമാണ് പോലീസുകാര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ആര്‍.പി.സി 151-ാം വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പിന്നീട് വ്യക്തമായി. സാമൂഹികമായി അഴിഞ്ഞാടുന്ന ക്രിമിനലുകളെ പിടിക്കാന്‍ വേണ്ടിയാണ് സാധാരണ ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്താറ്. മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വെച്ച ഇവര്‍ക്ക് വെള്ളം പോലും നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്.

പോളിയോ തുള്ളിമരുന്ന് ബഹിഷ്‌കരിക്കുകയെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഇവര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മാരകമായ വിഷവസ്തുക്കളാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. തുള്ളിമരുന്നിന്റെ അളവ് കൂടിയാല്‍ മരണം സംഭവിക്കാം. ഈ മരുന്ന് കാരണം നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അവകാശപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

വര്‍ഷങ്ങളായി പോളിയോയ്‌ക്കെതിരെ പ്രചാരണം നടത്തുകയാണിവര്‍. ഇതിനിടെ നിരവധി തവണ സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ വിട്ടയക്കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു. അതിനിടെ ഒരു തവണ മാനന്തവാടിയില്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും സാജന്‍ പറഞ്ഞു.

Malayalam news

Kerala news in English