Categories

കൂടംകുളം: ആണവോര്‍ജ്ജ വിരുദ്ധ സമിതിയുടെ നിരാഹാരസമരം തുടരുന്നു

ചെന്നൈ: ചെന്നൈ: കൂടംകുളം നിലയം പൂട്ടണമെന്നാവശ്യപ്പെട്ട് ആണവോര്‍ജ്ജ വിരുദ്ധ സമിതി നടത്തുന്ന 72 മണിക്കൂര്‍ നിരാഹാരസമരം തുടരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിമുതലാണ് സമരം ആരംഭിച്ചത്. 2010 ആഗസ്റ്റ് മുതല്‍ കൂടംകുളത്ത് പ്രതിഷേധ സമരം നടത്തുന്ന പ്രദേശവാസികളുടെ അഭിപ്രായം ആരായാതെ നിലയത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാനലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് സമരം നടത്തുന്നത്.

തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം ലംഘിച്ച കഴിഞ്ഞ ആറ് മാസമായി കൂടംകുളം ആണവനിലയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയമുണ്ടെന്ന് സമരസമിതിയിലെ പുഷ്പരായന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ആറ്റോമിക എനര്‍ജി റെഗുലേഷന്‍ ബോര്‍ഡും,  തിങ്കളാഴ്ച ഇന്റര്‍നാഷണല്‍ ആറ്റോമിക് റെഗുലേറ്ററി ഏജന്‍സിയും പരിശോധന നടത്തിയിരുന്നു. സാധാരണ ഈ പരിശോധനകള്‍ നിര്‍മാണം പൂര്‍ത്തിയായശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേണ്ടിയാണ് ചെയ്യുന്നതെന്നും പുഷ്പരായന്‍ പറഞ്ഞു.

നിലയത്തിലെ അടിയന്തിര ജോലിയ്ക്കായി 120 ഓളം ആളുകള്‍ ദിവസവും പ്ലാന്റിനുള്ളിലേക്ക് പ്രവേശിക്കാറുണ്ട്. അതില്‍ 40 പേര്‍ മാത്രമാണ് തിരിച്ചെത്താറുള്ളത്. നിലയത്തില്‍ വന്ന് രണ്ട് മണിക്കൂര്‍ അവിടെ ചിലവഴിച്ച് എഞ്ചിനിയര്‍മാരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ് നിലയത്തിന് അനുകൂലമായി സംസാരിക്കുകമാത്രമാണ് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, അന്താരാഷ്ട്ര ആണവ ഏജന്‍സി (ഐ.എ.ഇ.എ) യുടെ രണ്ടംഗ സംഘം കൂടംകുളം ആണവ പദ്ധതിയില്‍ വാര്‍ഷിക പരിശോധന പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ഇന്നലെയാണ് പൂര്‍ത്തിയായത്.

ഐ.എ.ഇ.എ പരിശോധന പതിവ് നടപടിക്രമം മാത്രമാണെന്നും കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും ഇത്തരം പരിശോധന നടത്തിയിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏജന്‍സിയുമായി ഇന്ത്യ ഒപ്പുവെച്ച ആണവ സുരക്ഷാ കരാറിന്റെ ഭാഗമാണ് കൂടംകുളം നിലയം. അതുകൊണ്ട് ഐ.എ.ഇ.എക്ക് പരിശോധനയ്ക്ക് അവകാശമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറയിച്ചു. റിയാക്ടടര്‍ കെട്ടിടം, ഇന്ധനസംഭരണം സംവിധാനങ്ങള്‍, ആണവ സാമഗ്രികളുടെ ശേഖരം എന്നിവയില്‍ ഐ.എ.ഇ.എ സംഘം പരിശോധന നടത്തി. ചെന്നൈയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് റഷ്യന്‍ സഹായത്തോടെ 2000 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് സ്ഥാപിക്കുന്നത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.