ന്യൂദല്‍ഹി: അഴിമതിവിരുദ്ധസമരത്തിന് ആവശ്യമെങ്കില്‍ പതിനൊന്നായിരംപേരടങ്ങുന്ന സായുധസേനയെ രൂപീകരിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. എന്നാല്‍ രാംദേവിന്റെ പ്രഖ്യാപനത്തെ തികച്ചും ദേശവിരുദ്ധനയമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാംദേവിന്റെ പ്രഖ്യാപനം സായുധകലാപത്തിനുള്ള ആഹ്വാനമാണെന്നും ഇത് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സേനയുണ്ടാക്കിയാല്‍ അതിനെ നേരിടാന്‍ രാജ്യത്തു നിയമമുണ്ടെന്നും ആര്‍ എസ് എസ്സിന്റെ ഏജന്റായ രാംദേവിന്റെ യഥാര്‍ത്ഥനിറം പുറത്തുകൊണ്ടുവരുന്നതാണ് പ്രഖ്യാപനമെന്നും കേന്ദ്രമന്ത്രി പി.ചിദംബരം വ്യക്തമാക്കി.

അതേസമയം ആരുടെയും ജീവനെടുക്കാനല്ല, മറിച്ച് സ്വയം സംരക്ഷിക്കാനും അനുയായികളെ രക്ഷിക്കാനുമാണ് സേനയുണ്ടാക്കുന്നതെന്നും രാംദേവ് വ്യക്തമാക്കി.

രാജ്യത്തെ ഓരോ ജില്ലയിലെയും 20 ചെറുപ്പക്കാരെങ്കിലും ഇവിടെയെത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവരെ ഞങ്ങള്‍ ശാസ്ത്രവും ശസ്ത്രവും ഒരുമിച്ച് പഠിപ്പിക്കും-രാംദേവ് അറിയിച്ചു.