ലണ്ടന്‍: ചെലവുചുരുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലാളികളുടെ ശക്തമായ സമരവും പണിമുടക്കും വ്യാപകമായി. ഫാക്ടറികളും പൊതുമേഖലാസ്ഥാപനങ്ങളും ലക്ഷ്യം വെച്ച് നടത്തിയ സമരത്തെ തുടര്‍ന്ന് 700 വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Ads By Google

ചെലവുചുരുക്കല്‍ നടപടി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ഉത്കണ്ഠക്ക് പരിഹാരം കാണണമെന്നും വിവിധ സമര സംഘടനകള്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

23 രാജ്യങ്ങളിലായി 40 ലധികം സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.

ബെല്‍ജിയം,ജര്‍മനി,ഫ്രാന്‍സ്,ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധ പരിപാടികള്‍ക്ക് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും വ്യാപകമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പണിമുടക്ക് നടക്കുന്നത്.

ശമ്പളം,പെന്‍ഷന്‍,മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂറോ സോണിലെ പതിനാലും പതിനഞ്ചും റാങ്കിലുള്ള സ്‌പെയിനിലും പോര്‍ച്ചുഗലിലും ഇന്നലെ അര്‍ധരാത്രിയോട് കൂടി തന്നെ പണിമുടക്ക് ആരംഭിച്ചു.

നാലില്‍ ഒരാള്‍ വീതം തൊഴില്‍ രഹിതരുള്ള സ്‌പെയിനില്‍ എട്ട് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ പണിമുടക്കാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി വിമാനസര്‍വീസുകളും പൊതുഗതാഗതവും താറുമാറായതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി.

സ്‌പെയിനിലെ വിവിധ നഗരങ്ങളിലുണ്ടായ സംഘട്ടനങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഞങ്ങളുടെ ഭാവി അവര്‍ കൊള്ളചെയ്യുന്നു എന്ന ബാനറുകളുയര്‍ത്തിയാണ് സമരക്കാര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം ഇത്തരം നടപടികള്‍ രാജ്യം നേരിടുന്ന വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാണെന്ന് നേതാക്കള്‍ പറഞ്ഞു.