ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പേടിയാണെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിക്ക് തന്നെ പേടിയാണെന്ന തന്റെ വാക്ക് വളച്ചൊടിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പറഞ്ഞത് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എന്നെ പേടിയാണെന്നാണ്.’ അദ്ദേഹം വിശദീകരിച്ചു.

തിങ്കളാഴ്ച ചിക്കബല്ലപുരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ മോദിക്ക് എന്നെ പേടിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടു വന്നത്.


Also Read: ‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ജിമിക്കി കമ്മലിന്റെ ഫീമെയില്‍ വേര്‍ഷനുമായി സ്ത്രീ കൂട്ടായ്മ


അതുകൊണ്ടാണ് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുമ്പോളെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.തന്റെ നേട്ടങ്ങളില്‍ മോദിക്ക് അസൂയയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാരിനെതിരെ ബി.ജെ.പിയും ജെ.ഡി.എസും കൈകോര്‍ത്തിരിക്കുകയാണെന്നും പക്ഷെ ഇത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഭവങ്ങളുണ്ടായിട്ടും കര്‍ണാടക വികസനത്തിന് വേണ്ടി കരയുകയാണെന്നും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.