വിദ്യാബാലന്‍ കരിയറില്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ‘ദ ഡേര്‍ട്ടി പിക്ചര്‍ ‘. തന്റെ വിവാഹം കഴിഞ്ഞതായുള്ള ഗോസിപ്പുകള്‍ പ്രചരിക്കുമ്പൊഴും വിദ്യയുടെ ടെന്‍ഷന്‍ ചിത്രം എന്ന് റീലീസ് ചെയ്യുമെന്നതായിരുന്നു.  നടിയുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രം ഡിസംബര്‍ 2ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

തെന്നിന്ത്യന്‍ മാദക സുന്ദരിയായ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ ഡേര്‍ട്ടി പിക്ചര്‍ . സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2നു തന്നെ ചിത്രം പുറത്തിറങ്ങുന്ന ത്രില്ലിലാണ് വിദ്യയിപ്പോള്‍. സെപ്റ്റംബറില്‍ വര്‍ക്ക് പൂര്‍ത്തിയാക്കി നവംബറില്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ചുംബനവീരന്‍ ഇമ്രാന്‍ ഹശ്മി നായകനായെത്തുന്ന ചിത്രത്തില്‍ ചൂടന്‍ പ്രണയരംഗങ്ങള്‍ ഏറെയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇമ്രാന്‍ ഹശ്മിയും വിദ്യാബാലനുമൊത്തുള്ള ത്രസിപ്പിക്കുന്ന ഒരു പ്രണയ രംഗം അടുത്തിടെ ഹൈദരാബാദില്‍ ചിത്രീകരിച്ചിരുന്നു. ഈ ചൂടന്‍ രംഗത്തിന്റെ ചിത്രീകരണം കണ്ടവരെല്ലാം ഇത് വിവാദങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് പറയുന്നത്.