അസിനും അമല പോളിനും പിന്നാലെ മറ്റൊരു മലയാളി പെണ്‍കൊടി കൂടി തമിഴകത്ത് നിലയുറപ്പിക്കുന്നു. മലയാളിയായ സുനുലക്ഷ്മി അസിന്റെയും അമലയുടേയും പിന്‍ഗാമിയാകുമെന്നാണ് തമിഴകത്തെ ഇപ്പോഴത്തെ സംസാരം.റിലീസിന് മുമ്പ് സുനുലക്ഷ്മി നായികയായ ‘സെങ്കതുഭൂമിയിലെ’ എന്ന ചിത്രം കോളിവുഡില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

കടമുറ്റത്തു കത്തനാര്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയ സീരിയലുകളിലൂടെയാണ് സുനു സിനിമാരംഗത്തെത്തുന്നത്. ‘സെങ്കതുഭൂമിയിലെ’യില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് നടി പ്രത്യക്ഷപ്പെടുന്നത്. പൂങ്കൊടിയെന്ന അനാഥ പെണ്‍കുട്ടിയെയാണ് സുനു അവതരിപ്പിക്കുന്നത്. സംഗീതജ്ഞനായ ഇളയരാജയാണ് ഈ ചിത്രം തിയ്യേറ്ററുകളിലെത്തിച്ചതെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.

സുനുവിന്റെ അഭിനയമികവ് ഇളയരാജയെ ഏറെ ആകര്‍ഷിച്ചുവെന്നാണ് കേള്‍ക്കുന്നത്. ഇളയരാജയില്‍ നിന്നും ലഭിച്ച അഭിനന്ദനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് സുനുലക്ഷ്മി പറയുന്നു. ചിത്രത്തിലെ ഒരു ഗാനം ഇളയരാജ പാടുകയും മറ്റൊരു ഗാനത്തിന് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയില്‍ ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിരിതേന്‍ രസിതേന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുനു കോളിവുഡില്‍ അരങ്ങേറിയത്. ‘മൂന്രു മലര്‍’ എന്ന ചിത്രത്തിലെയും നായിക സുനുലക്ഷ്മിയാണ്.