എഡിറ്റര്‍
എഡിറ്റര്‍
നീതിപീഠത്തിലെ ഉന്നതര്‍ക്കെതിരെ വീണ്ടും ലൈംഗികാരോപണം
എഡിറ്റര്‍
Tuesday 19th November 2013 10:47am

Mihira-Sood

ന്യൂദല്‍ഹി: വിരമിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരെ യുവ അഭിഭാഷക ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്.

യുവ അഭിഭാഷക മിഹിര സൂദ് ആണ് മുതിര്‍ന്ന അഭിഭാഷകനെതിരെ ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വളരെ കാലമായി ഇയാള്‍ തന്നെ ശല്യപ്പെടുത്തുന്നുവെന്നാണ് മിഹിരയുടെ ആരോപണം.

നേരത്തേ അടുത്തിടെ വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അഭിഭാഷക തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. അഭിഭാഷകയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ മൂന്നംഗ സമിതിയോട് ജഡ്ജിനെതിരെ നിയമനടപടിയല്ല താന്‍ ഉദ്ദേശിച്ചതെന്നും ഉന്നതതലങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളെ അറിയിക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു.

പുതിയ ആരോപണമുന്നയിച്ചിരിക്കുന്ന മിഹിര കൊളംബിയ നിയമ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ്. തനിക്ക് മുമ്പ് സമാന ആരോപണമുന്നയിച്ച അഭിഭാഷകയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മിഹിര പറയുന്നു.

തന്റെ അച്ഛന്റെ പ്രായമുള്ള അഭിഭാഷകന്‍ ലൈംഗിക ചുവയുള്ള എസ്.എം.എസും ഇ-മെയിലുകളും അയക്കുന്നുണ്ടെന്നും തന്നെ ഡിന്നറിന് ക്ഷണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നും യുവതി വെളിപ്പെടുത്തുന്നു.

അഭിഭാഷകനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ താത്പര്യമില്ലെന്നും മിഹിര പറയുന്നു. ഇത്തരം കാര്യങ്ങള്‍ സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ നടക്കുന്നുണ്ടെന്ന് അറിയിക്കാനാണ് ഈ വെളിപ്പെടുത്തലെന്നുമാണ് മിഹിര പറയുന്നത്.

Advertisement