തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ 9.30 ന് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തരവേളയ്ക്ക് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സന്ദര്‍ശക ഗ്യാലറിയിലെത്തിയിരുന്നു.

ദൈവനാമത്തിലായിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. അതിനുശേഷം സ്പീക്കര്‍ ജി.കാര്‍ത്തികേയനു സമീപമെത്തി ഹസ്തദാനം ചെയ്ത അനൂപ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിവാദ്യം ഏറ്റുവാങ്ങി. സത്യപ്രതിജ്ഞ ചെയ്തു സീറ്റിലേക്കു പോയ അനൂപിനെ സഭാംഗങ്ങളില്‍ പലരും സീറ്റിലെത്തി ഹസ്തദാനം ചെയ്തു.

അതേസമയം, അനൂപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി ഗവര്‍ണറുമായി കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. 28 ന് യു.ഡി.എഫ് യോഗം ഇതുസംബന്ധിച്ച തീയതി തീരുമാനിക്കുമെന്നാണറിയുന്നത്. അതേസമയം, അനൂപിനൊപ്പം തന്നെ മഞ്ഞളാംകുഴി അലിയുടെ സത്യപ്രതിജ്ഞ കൂടി നടത്തണമെന്ന് ലീഗ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് 28നു യുഡിഎഫ് യോഗം വീണ്ടും ചേരാനും അതിനുശേഷം സത്യപ്രതിജ്ഞ മതിയെന്നും നിശ്ചയിച്ചു.

Malayalam News

Kerala News In English