Categories

പിറവത്ത് അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ്‌ ചിഹ്നം ടോര്‍ച്ച്

പിറവം: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനൂപിന്റ തിരഞ്ഞെടുപ്പ് ചിഹ്നം ടോര്‍ച്ച്. എന്നാല്‍ യു.ഡി.എഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന ഡെയ്‌സി ജേക്കബ് പത്രിക പിന്‍വലിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ അമ്മയാണ് ഡെയ്‌സി ജേക്കബ്. അനൂപിന്റെ പത്രിക അംഗീകരിച്ചതോടെയാണ് ഡെയ്‌സി ജേക്കബ് പത്രിക പിന്‍വലിച്ചത്.

അനൂപിന്റെ പത്രിക എന്തെങ്കിലും കാരണത്താല്‍ തള്ളിപ്പോകുകയാണെങ്കില്‍ പകരം മത്സരിക്കാനായിരുന്നു ഡെയ്‌സി ജേക്കബ് പത്രിക നല്‍കിയത്. അനൂപ് തന്നെയാണ് സ്ഥാനാര്‍ഥിയെന്നും പാര്‍ട്ടി പറഞ്ഞതിനാലാണ് ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കുന്നതെന്നും ഡെയ്‌സി ജേക്കബ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പത്ത് പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പിറവത്ത് അംഗീകരിച്ചത്. ഡെയ്‌സി ജേക്കബ് പത്രിക പിന്‍വലിച്ചതോടെ ഇത് ഒന്‍പതായി ചുരുങ്ങി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്.

ആകെ 1,83,170 വോട്ടര്‍മാരാണ് പിറവം മണ്ഡലത്തിലുള്ളത്. 4,221 വോട്ടര്‍മാരാണ് ഇത്തവണ പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. സ്ത്രീ വോട്ടര്‍മാരാണ് പിറവം മണ്ഡലത്തില്‍ കൂടുതല്‍. 93,245 സ്ത്രീ വോട്ടര്‍മാരും 89,925 പുരുഷ വോട്ടര്‍മാരുമാണ് പിറവത്തുള്ളത്.

ജനുവരി 5 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 1,78,869 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പുതിയ ഹിയറിംഗ് കഴിഞ്ഞപ്പോള്‍ 4230 വോട്ടര്‍മാര്‍ പട്ടികയില്‍ കൂടുതലായി ഇടംകണ്ടു. വോട്ടുചേര്‍ക്കുന്നതിന് 8426 അപേക്ഷകളാണ് പുതുതായി ലഭിച്ചിരുന്നത്. ഇതില്‍ 4857 പേര്‍ ഹിയറിംഗിന് എത്തി. 624 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.