എഡിറ്റര്‍
എഡിറ്റര്‍
വരുമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നാം സ്ഥാനം: 2004ന് ശേഷം നേടിയത് 2008 കോടി
എഡിറ്റര്‍
Tuesday 11th September 2012 9:28am

ന്യൂദല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ മുമ്പില്‍ കോണ്‍ഗ്രസ്. 2,008 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ സമ്പാദ്യം. ഈ കാലയളവില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കൂടി നേടിയത് 4,662കോടി രൂപയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Ads By Google

994 കോടി രൂപ നേടിയ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. 2004-2011 കാലയളവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വരുമാന കണക്കിനെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആന്റ് നാഷണല്‍ വാച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

23 പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 2004ന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 222 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. ബി.ജെ.പിയുടെ വരുമാനത്തില്‍ 307 കോടി രൂപയാണ് വര്‍ധിച്ചത്.

കോണ്‍ഗ്രസിന് ലഭിച്ച 2008 കോടിയില്‍ ഭൂരിപക്ഷവും കൂപ്പണുകള്‍ വിറ്റാണുണ്ടാക്കിയത്. 14.42% മാണ് സംഭാവനകളായി ലഭിച്ചത്.

എന്നാല്‍ ബി.ജെ.പിക്ക് ലഭിച്ച തുകയുടെ 81.47% വും കോര്‍പ്പറേറ്റുകളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും ലഭിച്ച സംഭാവനകളാണ്. ലണ്ടനിലെ വെഡാന്റ കമ്പനിയില്‍ നിന്നും ബി.ജെ.പിക്ക് സംഭാവന ലഭിച്ചിട്ടുണ്ട്.

2004-2011 കാലയളവിലെ സി.പി.ഐ.എമ്മിന്റെ വരുമാനം 417 കോടി രൂപയാണ്. ഇതില്‍ ഭൂരിപക്ഷവും വ്യക്തികളില്‍ നിന്ന് ലഭിച്ച സംഭാവനയാണ്. 20,000ത്തില്‍ കൂടുതല്‍ തുക ആരും സംഭാവനയായി നല്‍കിയിട്ടുമില്ല.

ബി.എസ്.പിക്ക് ലഭിച്ചത് 484 കോടി രൂപയാണ്. സി.പി.ഐയ്ക്ക് 6.7 കോടിയും സമാജ്‌വാദി പാര്‍ട്ടിക്ക് 278 കോടി രൂപയുമാണ് ലഭിച്ചത്.

ടൊറന്റ് പവര്‍ ലിമിറ്റഡ് (14.15കോടി), ഭാരതി ഇലക്ടറല്‍ ട്രസ്റ്റ് ഓഫ് എയര്‍ടെല്‍ (11കോടി), ടാറ്റ ഇലക്ടറല്‍ ട്രെസ്റ്റ് (9കോടി), അദാനി എന്റര്‍പ്രൈസസ്, ജിന്റാല്‍ സ്റ്രീല്‍, വിഡിയോകോണ്‍ അപ്ലിയാന്‍സസ് എന്നിവരില്‍ നിന്നാണ് കോണ്‍ഗ്രസിന് സംഭാവന ലഭിച്ചത്.

2009-2011 കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച പേര് വെളിപ്പെടുത്തിയ സംഭാവനകള്‍ 22.76% വരും. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇത് 11.89% മാണ്.

അതിനിടെ, രാജ്യത്തെ പതിനെട്ടോളം പ്രാദേശിക പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും 2004ന് ശേഷം ഇതുവരെ ഇലക്ഷന്‍ കമ്മീഷന്‍ തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് കൊടുത്തിട്ടില്ല. ജമ്മുകാശ്മീരിലെ  നാഷണല്‍ കോണ്‍ഫറന്‍സും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ആ പാര്‍ട്ടികളില്‍ പ്രമുഖര്‍.

രാജ്യത്തെ അഴിമതികളുടെ മുഖ്യകാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണമാണ് എ.ഡി.ആര്‍ അംഗം പ്രൊഫ. ജഗ്ദീ കൊഹ്കാര്‍ പറഞ്ഞു.

Advertisement