കോട്ടയം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ സുഹൃത്തായ ഇടിക്കുളയുടെ ഭാര്യ അന്നമ്മ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

സംഭവദിവസം തിരുവല്ലയിലെ തങ്ങളുടെ വീട്ടില്‍ കുര്യന്‍ അരമുക്കാല്‍ മണിക്കൂര്‍ മാത്രമെ  ഉണ്ടായിരുന്നുള്ളൂവെന്നാണ് അന്നമ്മ പറയുന്നത്.

നാല് മണിയോടെ സ്ഥലത്തെത്തിയ കുര്യന്‍ ചില ഫോണ്‍കോളുകള്‍ ചെയ്തു. ചായ കുടിച്ചതിനുശേഷം തിരിച്ചുപോയി. വെറും ഒരു മണിക്കൂറില്‍ താഴെ മാത്രമേ വീട്ടില്‍ കുര്യന്‍ ചിലവിട്ടിരുന്നുള്ളൂവെന്നും അന്നമ്മ പറഞ്ഞു.

രാത്രി എട്ടുമണിവരെ താന്‍ സുഹൃത്തായ ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് കോടതിയില്‍ കുര്യന്‍ അവകാശപ്പെട്ടിരുന്നത്. അദ്ദേഹം സ്ഥലത്തില്ലായിരുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഇത്തരം തെളിവുകള്‍ നിരത്തിയാണ് സൂര്യനെല്ലി കേസില്‍ ഇദ്ദേഹം കുറ്റവിമുക്തനായത്.

എന്നാല്‍ ഇത്തരം തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രധാന സാക്ഷി രാജന്‍ മൂലവീട്ടില്‍ കുര്യനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് അന്നമ്മയുടെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.

താന്‍ പി.ജെ കുര്യനെ കണ്ടത് അഞ്ച് മണിയോടെയാണെന്നും എന്നാല്‍ തീയതി ഓര്‍മ്മയില്ലെന്നും നേരത്തെ ഈ കേസിലെ മുഖ്യസാക്ഷിയായ രാജന്‍ മൂലവീട്ടില്‍ തുറന്നുപറഞ്ഞിരുന്നു.

ഏഴ് മണിക്ക് രാജന്‍, പി ജെ കുര്യനില്‍ നിന്ന് സംഭാവന വാങ്ങി എന്നുള്ളതായിരുന്നു കുര്യനെ കുറ്റവിമുക്തനാക്കാനുള്ള പ്രധാന തെളിവായി നിരത്തിയിരുന്നത്. കുര്യനെ കണ്ടത് നവംബര്‍ 19ന് ആണെന്ന് മൊഴി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ചാര്‍ളിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും രാജന്‍ വെളിപ്പെടുത്തി.

എന്നാല്‍ രാജന്റെ മൊഴിമാറ്റത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കുര്യന്‍ ആക്ഷേപിച്ചു.സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് അനുകൂലമായി മൊഴി നല്‍കിയ പ്രധാന സാക്ഷിയായ രാജന്‍  സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയത്,  വിവാദങ്ങള്‍ തന്റെ രാജി ലക്ഷ്യം വെച്ചുള്ളതാണെന്നും,ആദ്യ മൊഴിയുടെ സമയത്തും സമ്മര്‍ദ്ദം ഉള്ളതായി രാജന്‍ പറഞ്ഞിരുന്നുവെന്നും  കുര്യന്‍ പറഞ്ഞു.