പാലക്കാട്: പ്രസിദ്ധ തോല്‍പ്പാവക്കൂത്ത് കലാകാരന്‍ അണ്ണാമല പുലവര്‍ (98) അന്തരിച്ചു. സ്വവസതിയായ ഒറ്റപ്പാലം പാലപ്പുറത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെകാലമായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ നടക്കും. മക്കള്‍: ശിവപ്രകാശന്‍, സദാനന്തന്‍, ഭക്തവത്സലന്‍.

പരമ്പരാഗത നെയ്ത്ത് വ്യവസായത്തിനും ചിനക്കത്തൂര്‍ പൂരത്തിനും പേരു കേട്ട നാടാണ് അണ്ണാമല പുലവരുടെ നാടായ പാലപ്പുറം. പുരാണങ്ങളിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ സോമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

അന്യം നിന്നു പോകാനൊരുങ്ങുന്ന തോല്‍പ്പാവക്കൂത്തെന്ന പരമ്പരാഗത കലയുടെ ഈറ്റില്ലമായ നാട്ടില്‍ ഈ കലയുടെ ആചാര്യനായിരുന്നു പുലവര്‍. ചിനക്കത്തൂര്‍ പൂരത്തിനോടനുബന്ധിച്ച് രാമായണ കഥ മുഴുവനായി ഇവിടെ പാവക്കൂത്തിലൂടെ അരങ്ങേറാറുണ്ട്.