ന്യൂദല്‍ഹി: സുശക്തമായ ലോക്പാല്‍ ബില്ലാവശ്യപ്പെട്ടുകൊണ്ടുള്ള അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്നുമുതല്‍ ദല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. സ്വാമി അഗ്നിവേശിന്റെ മധ്യസ്ഥതയില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹസാരെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഹസാരെ പുറത്തിറങ്ങാമെന്നറിയിച്ചത്.

ഹസാരെ ഇന്ന് 11 മണിക്ക് ജയിലിന് പുറത്തിറങ്ങുമെന്ന് കിരണ്‍ബേദി അറിയിച്ചു. രാജ്ഘട്ടും ഇന്ത്യാഗേറ്റും സന്ദര്‍ശിച്ചശേഷം 12 മണിയോടെ രാം ലീല മൈതാനത്തിലെത്തി നിരാഹാരസമരം തുടരുമെന്നും അവര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഹസാരെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരത്തിനായി രാം ലീല മൈതാനം സജ്ജീകരിക്കേണ്ടതിനാല്‍ ഒരു രാത്രി കൂടി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ അനുയായികളോടൊപ്പം പ്രകടനമായി രാം ലീല മൈതാനത്തെത്തി പ്രത്യേകം ഒരുക്കിയ സമരപന്തലില്‍ നിരാഹാരസമരം തുടരാനാണ് തീരുമാനം.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്. സര്‍ക്കാര്‍ അനുവദിച്ച സപ്തംബര്‍ രണ്ട് വരെ സമരം തുടരുകയാണെങ്കില്‍ അത് 19 ദിവസത്തെ നിരാഹാരമായി മാറും. ദിവസേന സര്‍ക്കാര്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപരിശോധന നടത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നിബന്ധനയും ഹസാരെയും അനുയായികളും അംഗീകരിച്ചിട്ടുണ്ട്.